
ന്യൂയോര്‍ക്ക്: എലോണ്‍ മസ്‌ക് സ്ഥാപിച്ച ബ്രെയിന്‍ ഇംപ്ലാന്റ് കമ്പനി, ന്യൂറലിങ്ക് സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. തലച്ചോറില്‍ കമ്പ്യൂട്ടര്‍ ചിപ്പ് സ്ഥാപിക്കാനുള്ള യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) അനുമതി കമ്പനിയ്ക്ക് ലഭ്യമാകുകയായിരുന്നു. റെഗുലേറ്ററി ക്ലിയറന്‍സ് നേടുന്നതില്‍ വെല്ലുവിളികള്‍ നേരിട്ട ന്യൂറലിങ്കിന് ഈ അംഗീകാരം നിര്‍ണായക വഴിത്തിരിവാണ്.
പക്ഷാഘാതം, അന്ധത തുടങ്ങിയ ഗുരുതരമായ അവസ്ഥകളെ അഭിസംബോധന ചെയ്യാന്‍ മസ്തിഷ്‌ക ഇംപ്ലാന്റിന് ശ്രമിക്കുകയാണ് ന്യൂറലിങ്ക്.മനുഷ്യനില്‍ പരീക്ഷണം നടത്താന്‍ 2022 ന്റെ തുടക്കത്തില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും നിരസിക്കപ്പെട്ടു. ഇംപ്ലാന്റിന്റെ ലിഥിയം ബാറ്ററി, തലച്ചോറിനുള്ളിലേയ്ക്ക് കമ്പികള്‍ സന്നിവേശിപ്പിക്കല്‍, മസ്തിഷ്‌ക കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ അത് വേര്‍തിരിച്ചെടുക്കല്‍ തുടങ്ങിയ ആശങ്കകളാണ് എഫ്ഡിഎ മുന്നോട്ട് വച്ചത്.
മാത്രമല്ല, കമ്പനി നടത്തിയെന്ന് പറയപ്പെടുന്ന മൃഗക്ഷേപ ലംഘനങ്ങളെക്കുറിച്ച് യുഎസ് അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷിക്കുകയാണ്. ന്യൂറലിങ്കിലെ മൃഗ പരിശോധന വിദഗ്ധരുമായി യുഎസ് നിയമനിര്‍മ്മാതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. അതിനിടയിലാണ് എഫ്ഡിഎയുടെ അനുമതി.
അനുമതി ഒരു സുപ്രധാന ചുവടുവയ്പ്പാണെങ്കിലും, ക്ലിനിക്കല്‍ പരീക്ഷണത്തിന് ഇതുവരെ ഒരുങ്ങിയിട്ടില്ലെന്ന ന്യൂറലിങ്ക് വ്യക്തമാക്കി. തങ്ങളുടെ ടീമും എഫ്ഡിഎയും തമ്മിലുള്ള സഹകരണ ശ്രമങ്ങളെ അംഗീകരിക്കുന്ന കമ്പനി, അനുമതി ഭാവിയില്‍ നിരവധി വ്യക്തികള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് അവകാശപ്പെട്ടു.
2016 ലാണ് എലോണ്‍ മസ്‌ക്ക് ന്യൂറലിങ്കിന് തുടക്കം കുറിക്കുന്നത്.