
ന്യൂഡൽഹി: രാജ്യത്തെ നിരത്തുകളിൽ സാന്നിധ്യം ഇരട്ടിയാക്കി ഇലക്ട്രിക് കാറുകൾ. 2024 മേയിൽ രാജ്യത്ത് റജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ വെറും 2.2% ആയിരുന്ന ഇ–കാറുകൾ കഴിഞ്ഞ മേയ് മാസത്തിൽ 4.4% ആയി ഉയർന്നു.
ഇലക്ട്രിക് സ്കൂട്ടർ, ബൈക്ക്, ഓട്ടോ, ട്രക്കുകൾ എന്നിങ്ങനെ എല്ലാ വിഭാഗം ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിലും ഈ വർഷം വർധനയുണ്ടായി. 179,851 ഇലക്ട്രിക് വാഹനങ്ങളാണ് മേയ് മാസത്തിൽ മാത്രം വിറ്റത്. മുൻവർഷത്തെ അപേക്ഷിച്ച് 46% വർധന.
ഇലക്ട്രിക് കാറുകളാണ് ഇവി വിപണിയിൽ ഈ വർഷത്തെ ചൂടപ്പം. മുൻവർഷങ്ങളിൽ ഇ–സ്കൂട്ടറുകൾ വിൽപനയിൽ മുന്നേറിയപ്പോൾ ഈ വർഷം ഇരുചക്രവാഹനങ്ങളെ കടത്തിവെട്ടി ഇലക്ട്രിക് കാറുകളുടെ വിൽപന 54% ഉയർന്നു.
12,384 ഇലക്ട്രിക് കാറുകളാണ് ഈ വർഷം ഇതുവരെ വിറ്റഴിഞ്ഞത്.