
ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 50 ശതമാനം തീരുവ വഹിക്കില്ലെന്നും അത് യുഎസ് ഉപഭോക്താക്കളിലേയ്ക്ക് കൈമാറ്റം ചെയ്യുമെന്നും ഇന്ത്യന്‍ സമുദ്രോത്പന്ന വ്യവസായികള്‍. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിക്കാന്‍ യുഎസ് റീട്ടേയ്‌ലര്‍മാര്‍ നിര്‍ബന്ധിതരാകും. ആത്യന്തികമായി യുഎസ് ഉപഭോക്താക്കളായിരിക്കും താരിഫിന്റെ ഇരകള്‍. അതേസമയം താരിഫ് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയെ ബാധിക്കാന്‍ സാധ്യതയുണ്ട്.
മറ്റ് പ്രധാന കയറ്റുമതി രാഷ്ട്രങ്ങള്‍ക്ക് കുറഞ്ഞ താരിഫ് ബാധകമായതിനാലാണിത്. ശീതീകരിച്ച ചെമ്മീന്‍ ഉത്പാദിപ്പിക്കുന്ന ഇക്വഡോറിന് മേല്‍ 10 ശതമാനവും ചെമ്മീനും കൂന്തളും കയറ്റി അയക്കുന്ന വിയറ്റ്‌നാമിന് മേല്‍ 20 ശതമാനവും മറ്റ് സമുദ്രോത്പന്ന കയറ്റുതി രാഷ്ട്രങ്ങളായ ഇന്തോനേഷ്യ,തായ്‌ലന്റ്, ചൈന എന്നിവര്‍ക്ക് മേല്‍ 19 ശതമാനം, 19+എഡി ഡ്യൂട്ടി, -30 ശതമാനം എന്നിങ്ങനെയുമാണ് യുഎസ് താരിഫ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ ഷിപ്പ്‌മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണ്. അതേസമയം റദ്ദാക്കിയിട്ടില്ല. സാഹചര്യത്തിനനുസരിച്ച് വിലനിര്‍ണ്ണയത്തില്‍ മാറ്റങ്ങള്‍ വരുത്തും.
യുഎസിലേയ്ക്ക് ഏറ്റവും കൂടുതല്‍ ചെമ്മീ്ന്‍ കയറ്റിഅയക്കുന്നത് ഇന്ത്യയാണ്.കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 2.71 ബില്യണ്‍ ഡോളറിന്റേതായിരുന്നു.