
മുംബൈ: പ്രമുഖ ഗെയ്മിംഗ് ആപ്പായ ഡ്രീം ഇലവന്‍ പാരന്റ് കമ്പനി ഡ്രീം സ്‌പോര്‍ട്ട്‌സ് വെല്‍ത്ത് ടെക്ക് മേഖലയിലേയ്ക്ക് പ്രവേശിക്കുന്നു. പണം വച്ചുള്ള ഗെയ്മിംഗിന് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതോടെയാണിത്. സ്വര്‍ണ്ണം, സ്ഥിര നിക്ഷേപങ്ങള്‍ നടത്താന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാണ് കമ്പനി ആരംഭിക്കുക.
എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്ന 1000 രൂപ തൊട്ടുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കും. ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമല്ല.
സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ശിവാലിക് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സ്ലൈസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങിയ ചെറുകിട ധനകാര്യ ബാങ്കുകളില്‍ നിന്നും ശ്രീറാം ഫിനാന്‍സ് പോലുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളില്‍ നിന്നും ഡ്രീം മണി സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇതിനായി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് അപ്സ്വിംഗുമായി കമ്പനി പങ്കാളിത്തം ആരംഭിച്ചു.
കമ്പനിയുടെ മുന്‍നിര ഫാന്റസി സ്പോര്‍ട്സ് പ്ലാറ്റ്ഫോമായ ഡ്രീം11 അവരുടെ എല്ലാ പണമടച്ചുള്ള മത്സരങ്ങളും നിര്‍ത്തിവച്ചിരുന്നു. ഇന്ത്യയുടെ പുതിയ ഓണ്‍ലൈന്‍ ഗെയിമിംഗ് നിയമം അനുശാസിക്കുന്നത് പ്രകാരമാണിത്. പകരം പൂര്‍ണ്ണമായും സൗജന്യമായി കളിക്കാവുന്ന ഓണ്‍ലൈന്‍ സോഷ്യല്‍ ഗെയിമുകളിലേക്ക് മാറി.
വെള്ളിയാഴ്ച രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച നിയമം, ഓണ്‍ലൈന്‍ മണി ഗെയിമുകളെ നിരോധിക്കുന്നു.