
മുബൈ: റിയല്‍-മണി ഗെയ്മുകള്‍ക്ക് (ആര്‍എംജി) നിരോധനമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഡ്രീം സ്‌പോര്‍ട്ട്‌സ്, ജീവനക്കാരെ പിരിച്ചുവിടില്ല. സഹസ്ഥാപകനും സിഇഒയുമായ ഹര്‍ഷ് ജെയിന്‍ അറിയിച്ചു.
പിരിച്ചുവിടലുണ്ടാകില്ലെന്നും പ്രതിഭകളെല്ലാം സ്ഥാപത്തില്‍ സുരക്ഷിതരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ജീവനക്കാരുടെ ശേഷി ഉപയോഗിച്ച് പ്രതിസന്ധിയില്‍ നിന്നും കരകയറാനാണ് ശ്രമം. വരുമാനത്തിന്റെ 95 ശതമാനവും ഇല്ലാതായെന്ന് പറഞ്ഞ ജെയ്ന്‍ ഇനിയുള്ള പോംവഴി പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നതാണെന്നും ചൂണ്ടിക്കാട്ടി.
ഭാവിയിലെ ധനസമ്പാദനമാണ് ലക്ഷ്യം. അതിന് മികച്ച ശേഷി നിലനിര്‍ത്തേണ്ടതുണ്ട്. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് പണമടച്ച് കളിക്കുന്ന ഓണ്‍ലൈന്‍ മത്സരങ്ങളെല്ലാം നിര്‍ത്തുകയും പൂര്‍ണ്ണമായും സൗജന്യമായ ഗെയ്മുകളിലേയ്ക്ക് പ്രവര്‍ത്തനം ചുരുക്കുകയും ചെയ്തു.
സ്പോര്‍ട്സ് കണ്ടന്റ് ആന്‍ഡ് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫാന്‍കോഡ്, സ്പോര്‍ട്സ് എക്സ്പീരിയന്‍സ് പ്ലാറ്റ്ഫോമായ ഡ്രീംസെറ്റ്‌ഗോ, മൊബൈല്‍ ഗെയിം ഡെവലപ്മെന്റ് യൂണിറ്റ് ഡ്രീം ഗെയിം സ്റ്റുഡിയോസ്, ഫിന്‍ടെക് വെഞ്ച്വര്‍ ഡ്രീം മണി എന്നിവയുള്‍പ്പെടെ നിലവിലുള്ള ബിസിനസുകളില്‍ പ്രവര്‍ത്തിക്കുന്നവരെ നിലനിര്ത്താനും രണ്ട് വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള മതിയായ കരുതല്‍ ശേഖരം കമ്പനിയ്ക്കുണ്ട്. 2023 സാമ്പത്തികവര്‍ഷത്തില്‍ ഡ്രീസ്‌പോര്‍ട്ട്‌സ് 6384.49 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2022 സാമ്പത്തികവര്‍ഷത്തില്‍ 3841 കോടി രൂപയായ സ്ഥാനത്താണിത്. “ഞങ്ങള്‍ക്ക് 260 ദശലക്ഷം ഉപയോക്താക്കളുണ്ട്. ധാരാളം ആളുകള്‍ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു ബ്രാന്‍ഡ് ഞങ്ങള്‍ക്കുണ്ട്. അതിശയകരമായ കഴിവുള്ള കൂട്ടമുണ്ട്.ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും അവ വിപണിയിലെത്തിക്കാനുമുള്ള മൂലധനവുമുണ്ട്,” ജെയിന്‍ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്പനി ശ്രമിക്കും.