
ന്യൂഡല്‍ഹി: ഓഫ്ഷോര്‍ വികസന പദ്ധതികളുടെ ആസൂത്രണവും ഏകോപനവും മെച്ചപ്പെടുത്തുന്നതിനായി വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) പിഎം ഗതിശക്തി – ഓഫ്ഷോര്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. തീരദേശ, സമുദ്ര മേഖലകളെക്കുറിച്ചുള്ള വിശദമായ ഡാറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും.ഇതുവഴി സര്‍ക്കാര്‍ വകുപ്പുകള്‍, നിക്ഷേപകര്‍, നിയമനിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച മികച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാം.
അടിസ്ഥാന സൗകര്യ ആസൂത്രണം ലക്ഷ്യമിടുന്ന വിശാലമായ പിഎം ഗതിശക്തി പ്രോഗ്രാമിന്റെ ഭാഗമാണ് പിഎം ഗതിശക്തി – ഓഫ്ഷോര്‍. കാറ്റാടിപ്പാടങ്ങള്‍, എണ്ണ, വാതക പര്യവേക്ഷണം, അണ്ടര്‍വാട്ടര്‍ പവര്‍ കേബിളുകള്‍, തുറമുഖങ്ങള്‍, മത്സ്യ ലാന്‍ഡിംഗ് സെന്ററുകള്‍ പോലുള്ള തീരദേശ അടിസ്ഥാന സൗകര്യങ്ങളില്‍ പ്ലാറ്റ്‌ഫോം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഒരു ജിയോസ്‌പേഷ്യല്‍ ഇന്റര്‍ഫേസ് ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തനം. അതായത് സംവേദനാത്മക മാപ്പുകളിലെ ഡാറ്റ പ്രദര്‍ശിപ്പിക്കുന്നു. വൈദ്യുതി മന്ത്രാലയം, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് എന്നിവയുള്‍പ്പെടെ ഒന്നിലധികം സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് മാപ്പുകള്‍ സംയോജിപ്പിക്കുന്നത്. സാങ്കേതിക, പാരിസ്ഥിതിക, നിയന്ത്രണ വിശദാംശങ്ങള്‍ ഇവിടെ കേന്ദ്രീകരിക്കുന്നു.
കാറ്റ്, സൗരോര്‍ജ്ജം, വേലിയേറ്റം, തിരമാല, സമുദ്ര താപ ഊര്‍ജ്ജം തുടങ്ങിയ ഓഫ്ഷോര്‍ ഊര്‍ജ്ജ സ്രോതസ്സുകളെക്കുറിച്ചുള്ള ഡാറ്റ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. എണ്ണ, വാതക ഫീല്‍ഡുകള്‍, പൈപ്പ്ലൈനുകള്‍, അവശിഷ്ട തടങ്ങള്‍, അണ്ടര്‍വാട്ടര്‍ ടോപ്പോഗ്രാഫിയെ സൂചിപ്പിക്കുന്ന ബാത്തിമെട്രി, തീരദേശ നിയന്ത്രണ മേഖലകള്‍, സമുദ്ര സസ്തനികളുടെ ആവാസ വ്യവസ്ഥകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയും ഇത് മാപ്പ് ചെയ്യുന്നു. തിരമാല ഉയരം, ഉപരിതല പ്രവാഹങ്ങള്‍, ഭൂകമ്പ അപകടസാധ്യത തുടങ്ങിയ അപകട സൂചകങ്ങളും ലഭ്യമാണ്.
ഹരിത ഊര്‍ജ്ജത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തെ പ്ലാറ്റ്‌ഫോം പിന്തുണയ്ക്കും. അടിസ്ഥാന സൗകര്യ ആസൂത്രണവുമായി പരിസ്ഥിതി ഡാറ്റ സംയോജിപ്പിക്കുന്നതിലൂടെയാണിത്. തീരദേശ വികസനത്തിലെ അപകടസാധ്യതകള്‍ കുറയ്ക്കാനും പിഎം ഗതിശക്തി-ഓഫ്ഷോര്‍ ഉപകരിക്കും.
കാലതാമസം ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും പ്ലാറ്റ്ഫോം സഹായിക്കുമെന്ന് ഡിപിഐഐടി പറഞ്ഞു. ഓഫ്ഷോര്‍ പദ്ധതികളില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുകയും ഇന്ത്യയുടെ ദീര്‍ഘകാല ഊര്‍ജ്ജ, ലോജിസ്റ്റിക്‌സ് ലക്ഷ്യങ്ങള്‍ക്ക് സംഭാവന നല്‍കുകയും ചെയ്യും.ലോജിസ്റ്റിക്‌സ് എക്‌സലന്‍സ്, അഡ്വാന്‍സ്‌മെന്റ്, പെര്‍ഫോമന്‍സ് ഷീല്‍ഡ് എന്നിവയെ സൂചിപ്പിക്കുന്ന ലീപ്‌സ്( LEAPS )2025 എന്ന അനുബന്ധ സംരംഭവും വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ലോജിസ്റ്റിക്‌സ് സേവന ദാതാക്കളെ അംഗീകരിക്കുന്നതിനും പ്രതിഫലം നല്‍കുന്നതിനുമാണ് ലീപ്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ലോജിസ്റ്റിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ലോജിസ്റ്റിക്‌സ് നയവുമായും പിഎം ഗതിശക്തിയുടെ ദര്‍ശനവുമായും ഇത് യോജിക്കുന്നു.
നവംബര്‍ 15 വരെ രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ട്ടലില്‍ (https://awards.gov.in/) ലീപ്‌സ്2025നുള്ള രജിസ്‌ട്രേഷന്‍ ലഭ്യമാകും. വ്യോമ, റോഡ് ചരക്ക് സേവനങ്ങള്‍, മള്‍ട്ടിമോഡല്‍ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, കാര്‍ഷിക വെയര്‍ഹൗസ് ദാതാക്കള്‍, ലോജിസ്റ്റിക്‌സിനെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇ-കൊമേഴ്സ് ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ 13 മേഖലകള്‍ക്ക് ഇത് വഴി അവാര്‍ഡിന് അപേക്ഷിക്കാം.