
കൊച്ചി: കൊവിഡിൽ തളർന്ന ആഭ്യന്തര വിനോദ സഞ്ചാര മേഖലയിൽ പുത്തനുണർവ്. 2021 നെക്കാൾ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 2022ൽ 156 ശതമാനം വർദ്ധിച്ചു.
സഞ്ചാരികളുടെ വരവ് കുറഞ്ഞെങ്കിലും ആഭ്യന്തര സഞ്ചാരികൾ വർദ്ധിച്ചത് കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ടൂറിസം മേഖലയുടെ ഉണർവിനും കരുത്തായി. 2018നേക്കാൾ 2019ൽ സഞ്ചാരികളുടെ എണ്ണത്തിൽ 17 ശതമാനം വളർച്ചയാണ് നേടിയത്.
2020ന്റെ തുടക്കത്തിൽ ടൂറിസം വ്യവസായത്തെ കൊവിഡ് ബാധിച്ചു. എന്നാൽ 2022ൽ സഞ്ചാരികളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചതായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ് ലോക്ഡൗൺ കാരണം 2020ൽ സഞ്ചാരികളുടെ വരവ് മുൻവർഷത്തേക്കാൾ 73 ശതമാനം കുറവായിരുന്നു. 53 ലക്ഷം സന്ദർശകരാണെത്തിയത്. 2000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി.
എന്നാൽ 2021ൽ മുൻവർഷത്തേക്കാൾ 43 ശതമാനം വർദ്ധനവുണ്ടായി. എങ്കിലും 2019നെ അപേക്ഷിച്ച് 61 ശതമാനം കുറവായിരുന്നു. വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനവും കേരളത്തിലുണ്ടായ വകഭേദങ്ങളും പ്രാദേശിക നിയന്ത്രണങ്ങളുമാണ് 2021ലെ മന്ദഗതിക്ക് കാരണം.
2022ന്റെ തുടക്കത്തിൽ ഒമിക്രോൺ വകഭേദം വീണ്ടും ഭീതി സൃഷ്ടിച്ചെങ്കിലും കുറച്ചു നാളുകൾക്കുള്ളിൽ തിരിച്ചുവരവ് നേടി. 2022ൽ സഞ്ചാരികളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 156 ശതമാനം വർദ്ധിച്ചു.
ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ച പദ്ധതികളും മാറ്റത്തിന് കാരണമായത്.
2028 ഓടെ ഇന്ത്യൻ ടൂറിസം വ്യവസായത്തിൽ 6.9 ശതമാനം വളർച്ചയോടെ 32.05 ലക്ഷം കോടി രൂപ കൈവരിക്കുമെന്നാണ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ പ്രവചനം.
2018, 2022 വർഷങ്ങളിൽ ആഭ്യന്തര സഞ്ചാരികൾ
- തിരുവനന്തപുരം- 27,12,387 30,58,858
- കൊല്ലം- 4,00,222, 4,20,097
- പത്തനംതിട്ട- 1,92,813, 3,69,103
- ആലപ്പുഴ- 5,11,490, 7,70,916
- കോട്ടയം- 5,24,821, 4,40,759
- ഇടുക്കി- 12,57,403, 26,56,730
- എറണാകുളം- 34,46,889, 40,48,679
- തൃശൂർ- 24,97,278, 21,30,420
- പാലക്കാട്- 5,09,883, 4,74,452
- മലപ്പുറം- 5,65,914, 6,76,582
- കോഴിക്കോട്- 10,52,783, 12,09,088
- വയനാട്- 888141, 1509207
- കണ്ണൂർ- 7,68,038, 8,11,461
- കാസർകോട്- 2,76,599, 2,91,062
ആകെ- 1,56,04,661, 11,88,67,414
2018 മുതൽ 2022 വരെ ഏറ്റവുമധികം ആഭ്യന്തര സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലാണ്.
രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും. 2018 മുതൽ 2021 വരെ ഏറ്റവും കുറവ് സഞ്ചാരികളെത്തിയത് പത്തനംതിട്ടയിലാണ്. 2022ൽ ആഭ്യന്തര സഞ്ചാരികൾ ഏറ്റവും കുറവ് കാസർകോട്ടാണ്.
തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കൂടുതൽ സഞ്ചാരികളെത്തിയത്.
കടൽത്തീരങ്ങൾ, കായലുകൾ, മലയോര മേഖലകൾ, തീർത്ഥാടന കേന്ദ്രങ്ങൾ വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയാണ് ഇവിടങ്ങളിലെ ആകർഷണം.
വടക്കേ ഇന്ത്യക്കാരാണ് സഞ്ചാരികളിൽ കൂടുതലും. തമിഴ്നാട്, കർണാടക സംസ്ഥാനക്കാരും ധാരാളമെത്തുന്നുണ്ട്.