
പട്ടാമ്പി: കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ കായികരംഗത്ത് 2400 കോടിയോളം രൂപയുടെ അടിസ്ഥാന സൗകര്യവികസനങ്ങൾ സർക്കാർ നടപ്പാക്കിയെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. മുതുതല ഗ്രാമപഞ്ചായത്തിലെ ആധുനിക ഗ്രൗണ്ടിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടാമ്പി നിയോജക മണ്ഡലത്തിലെ മുൻസിപ്പാലിറ്റിയിലും എല്ലാ ഗ്രാമപഞ്ചായത്തിലും ഒരു കളിക്കളം എന്ന ലക്ഷ്യം പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്. മുതുതല ഗ്രാമപഞ്ചായത്തിലെ ഗ്രൗണ്ടിന്റെ നിർമ്മാണം അടുത്ത ആറുമാസത്തിനകം പൂർത്തീകരിക്കാനാണ് കായികവകുപ്പ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാമണികണ്ഠൻ, മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി മുകേഷ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വിവിധ ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മുതുതല ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി കെ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.