
മുംബൈ: 2025 ജൂലൈയില്‍ ഇന്ത്യയിലെ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ വലിയ വര്‍ധനയുണ്ടായി. ഇവയിലേയ്ക്ക് 1.07 ലക്ഷം കോടി രൂപ ഒഴുകിയെത്തിയതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (AMFI) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ നിക്ഷേപകര്‍ 1,711 കോടി രൂപ പിന്‍വലിച്ച സ്ഥാനത്താണിത്.
ശക്തമായ തിരിച്ചുവരവ്. ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ ഓപ്ഷനുകള്‍ പ്രധാനമായും സര്‍ക്കാര്‍ ബോണ്ടുകള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, മറ്റ് സ്ഥിര വരുമാന ഉപകരണങ്ങള്‍ എന്നിവയാണ്. ഇവ പൊതുവെ ഇക്വിറ്റി (സ്റ്റോക്ക്) ഫണ്ടുകളേക്കാള്‍ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക്.
ജൂലൈമാസത്തില്‍ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ട് വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയത് ലിക്വിഡ് ഫണ്ടുകളും മണി മാര്‍ക്കറ്റ് ഫണ്ടുകളുമാണ്. ലിക്വിഡ് ഫണ്ടുകള്‍ക്ക് ജൂലൈയില്‍ 39,355 കോടി രൂപയാണ് ലഭ്യമായത്. ഈ ഫണ്ടുകള്‍ വളരെ ഹ്രസ്വകാല ഡെറ്റ് ഉപകരണങ്ങളില്‍ നിക്ഷേപമിറക്കുന്നു. മണി മാര്‍ക്കറ്റ് ഫണ്ടുകളിലേയ്ക്ക് 44,574 കോടി രൂപ ഒഴുകിയെത്തിയപ്പോള്‍ ഓവര്‍നൈറ്റ് ഫണ്ടുകളില്‍ 8,866 കോടി രൂപയുടെ നിക്ഷേപമാണ് ദൃശ്യമായത്.
ആഗോള അനിശ്ചിതത്വങ്ങള്‍ക്കും മാറിക്കൊണ്ടിരിക്കുന്ന പലിശ നിരക്കുകള്‍ക്കും ഇടയില്‍, നിക്ഷേപകര്‍ തങ്ങളുടെ പണം നിക്ഷേപിക്കാന്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ തേടുന്നതായി വിദഗ്ധര്‍ നിരീക്ഷിക്കുന്നു. താരതമ്യേന സ്ഥിരതയുള്ള വരുമാനം ഈ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഹ്രസ്വകാല നിക്ഷേപത്തിന് യോജിച്ചവയാണ് ഇവ.
ഡെബ്റ്റ് ഫണ്ടുകളുടെ മാനേജ്മെന്റിന് കീഴിലുള്ള മൊത്തം ആസ്തികള്‍ (AUM) ജൂലൈയില്‍ 1.25 ലക്ഷം കോടിരൂപ കവിഞ്ഞിട്ടുണ്ട്.