
വാഷിങ്ടണ്‍: ലോക സാമ്പത്തിക ഉല്‍പ്പാദനത്തില്‍ 4ട്രില്യണ്‍ ഡോളര്‍ നഷ്ടം സംഭവിക്കുമെന്ന മുന്നറിയിപ്പുമായി ആഗോള ധനകാര്യ മേധാവികള്‍ വാഷിംഗ്ടണില്‍ ഒത്തുകൂടുന്നു. പണപ്പെരുപ്പം, പണനയം കര്‍ശനമാക്കല്‍, വര്‍ദ്ധിച്ചുവരുന്ന കടം, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ വലിയ യുദ്ധം എന്നിവ ചര്‍ച്ച ചെയ്യാനായി അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്), ലോകബാങ്ക് വാര്‍ഷികപൊതുയോഗം ഒക്ടോബര്‍ 10 ന് നടക്കും.
കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് വാര്‍ഷിക മീറ്റിംഗുകള്‍ യഥാര്‍ത്ഥ വേദിയില്‍ നടക്കുന്നത്. ഇതുവരെ ഓണ്‍ലൈന്‍ വഴിയായിരുന്നു സംവേദനം. സാമ്പത്തിക, കാലാവസ്ഥ, സുരക്ഷാ പ്രതിസന്ധികള്‍ എന്നിവ കാരണം വ്യത്യസ്തമായ യോഗമാകും ഇത്തവണത്തേതെന്ന് ആഗോള നയരൂപകര്‍ത്താക്കള്‍ വിലയിരുത്തുന്നു.
ചര്‍ച്ച ചെയ്യപ്പെടുന്ന പ്രശ്‌നങ്ങളുടെ ദ്രുതവീക്ഷണം ചുവടെ:
ലോക സമ്പദ് വ്യവസ്ഥയുടെ നിലവിലെ സ്ഥിതി: ഐഎംഎഫ്, ചൊവ്വാഴ്ച പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് യോഗത്തില്‍ ചര്‍ച്ചയാകും. 2023ലെ ആഗോള വളര്‍ച്ചാ പ്രവചനം 2.9 ശതമാനം കുറയ്ക്കുമെന്ന് അന്തര്‍ദ്ദേശീയ നാണയ നിധി തലവ ജോര്‍ജീവ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
ഉക്രൈന്‍: ഫെബ്രുവരി മുതല്‍ ആരംഭിച്ച റഷ്യന്‍ അധിനിവേശവും എണ്ണ, ചരക്ക് വിലവര്‍ധനവും ചര്‍ച്ചയാകും. 1.3 ബില്ല്യണ്‍ ഡോളര്‍ വായ്പ ഉക്രൈന് അനുവദിക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ഐഎംഎഫ് തയ്യാറായിരുന്നു.
ഭക്ഷ്യ വിലകള്‍: കാര്‍ഷിക ചെലവുകളില്‍ ബുദ്ധിമുട്ടുന്ന രാജ്യങ്ങള്‍ക്ക് തുണയാകാന്‍ അടിയന്തര ഭക്ഷ്യ സഹായ ജാലകം ഐഎംഎഫ് തുറന്നിരുന്നു.
യുകെ: പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് നികുതികള്‍ കുറയ്ക്കാന്‍ തീരുമാനിച്ചത് വരുമാനത്തെ ബാധിക്കും. ഇതോടെ യു.കെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെടും.
ഫെഡറല്‍ റിസര്‍വ്: യുഎസ് കേന്ദ്രബാങ്ക് പലിശനയം കര്‍ശനമാക്കുന്നത് സമ്പദ്‌വ്യവസ്ഥകളെ ദോഷകരമായി ബാധിക്കുന്നു. ഐഎംഎഫ് കണക്കുകൂട്ടലുകള്‍ കാണിക്കുന്നത് 60 ശതമാനം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളും വളര്‍ന്നുവരുന്ന വിപണികളും നാലിലൊന്ന് കടക്കെണിയിലോ അതിനടുത്തോ ആണ് എന്നാണ്.
കാലാവസ്ഥ: പ്രതിസന്ധി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ വെള്ളപ്പൊക്കവും പ്യൂര്‍ട്ടോ റിക്കോയിലും ഫ്‌ളോറിഡയിലും ആഞ്ഞടിച്ച ചുഴലിക്കാറ്റും അതാണ് വ്യക്തമാക്കുന്നത്.. ഒക്ടോബര്‍ 10 നാണ് അന്തര്‍ദ്ദേശീയ നാണയനിധി, ലോകബാങ്ക് വാര്‍ഷിക യോഗം ആരംഭിക്കുക.