
കോഴിക്കോട്: കേരളത്തിലെയും തമിഴ്നാട്ടിലെയും കർഷകരിൽ നിന്നു നാഷനൽ അഗ്രികൾചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്) സംഭരിച്ച 40855 ടൺ കൊപ്ര പൊതുവിപണിയിൽ വിൽക്കുന്നു. ഇതിനുള്ള ഓൺലൈൻ ലേലം ആരംഭിച്ചതോടെ കേരളത്തിൽ കൊപ്രവില ഇടിഞ്ഞു തുടങ്ങി.
കുറഞ്ഞ വിലയ്ക്കു നാഫെഡിൽ നിന്നു കൊപ്ര ലഭിക്കുമെന്നതിനാൽ വെളിച്ചെണ്ണ ഉൽപാദന കമ്പനികൾ കേരളത്തിലെ മൊത്തവ്യാപാരികളിൽ നിന്നു കൊപ്ര വാങ്ങുന്നതു കുറച്ചതാണു കാരണം.
ആവശ്യത്തിനു സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാൽ, കേന്ദ്ര സർക്കാർ നാഫെഡ് വഴി നടത്തിയ കൊപ്രസംഭരണത്തിന്റെ ഗുണം കേരളത്തിലെ കർഷകർക്കു ലഭിച്ചിരുന്നില്ല. തമിഴ്നാട്ടിൽ നിന്നു 40600 ടൺ സംഭരിച്ചപ്പോൾ കേരളത്തിൽ നിന്നു സംഭരിച്ചത് 255 ടൺ മാത്രമാണ്.
തമിഴ്നാട്ടിൽ നിന്നു സംഭരിച്ച കൊപ്രയുൾപ്പെടെ പൊതുവിപണിയിൽ വിൽക്കാനുള്ള തീരുമാനം കേരളത്തിലെ കർഷകർക്കു വീണ്ടും തിരിച്ചടിയായി.
ദേശീയതലത്തിൽ നടത്തുന്ന ഓൺലൈൻ ലേലം വഴിയാണു നാഫെഡ് കൊപ്ര വിറ്റഴിക്കുന്നത്. ഇത്രയും വലിയ അളവിൽ കൊപ്ര ഒരുമിച്ചു വിപണിയിലെത്തുന്നതോടെ കേരളത്തിൽ നിന്നുള്ള കൊപ്രയ്ക്ക് ആവശ്യക്കാർ കുറയുമെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. രണ്ടു മാസം മുൻപു കിലോഗ്രാമിന് 78 രൂപ വരെ താണിരുന്ന കൊപ്രവില പതിയെ ഉയർന്ന് 96 രൂപയിലെത്തിയിരുന്നു.
എന്നാൽ നാഫെഡ് സംഭരിച്ച കൊപ്ര പൊതുവിപണിയിൽ വിൽക്കാനുള്ള തീരുമാനത്തോടെ വില കുറഞ്ഞുതുടങ്ങി. 89 രൂപയാണ് ഇന്നലെ വടകര മാർക്കറ്റിൽ മിൽ കൊപ്രയുടെ വില. കിലോഗ്രാമിന് 29 രൂപ വരെ ഉയർന്നിരുന്ന പച്ചത്തേങ്ങയുടെ വില 26 രൂപയായി.
ഫെബ്രുവരിയിലാണു കേന്ദ്ര സർക്കാർ നാഫെഡ് വഴി കൊപ്രസംഭരണം ആരംഭിച്ചത്. കിലോഗ്രാമിന് 105.90 രൂപ നിരക്കിലായിരുന്നു സംഭരണം. ഈ കൊപ്ര വിപണിവിലയിൽ വിൽക്കുമ്പോൾ വരുന്ന വ്യത്യാസം നാഫെഡിനു കേന്ദ്ര സർക്കാർ നൽകും.