
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ നിർമാണം ഡിസംബറിൽ തുടങ്ങും. ഇതിനു മുന്നോടിയായി ഉദ്യോഗസ്ഥസംഘം സ്ഥല പരിശോധന നടത്തി. ചീഫ് പ്രോജക്ട് മാനേജർ കണ്ണൻ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ മാരിമുത്തു എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേയിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച പരിശോധനയ്ക്കെത്തിയത്. കെട്ടിടം നിർമിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ സൗകര്യമുണ്ടോ എന്നറിയാൻ സ്ഥലം അളന്ന് തിട്ടപ്പെടുത്തി.
സ്റ്റേഷൻ കെട്ടിടം, ഫുട്ട് ഓവർബ്രിഡ്ജ്, എസി വെയ്‌റ്റിങ് ഹാൾ, ടിക്കറ്റ് കൗണ്ടർ, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കാനാണ് തീരുമാനം. ഓരോ ഡിപ്പാർട്ട്‌മെന്റിനോടും സബ് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ നിർദേശം നൽകി. സബ് എസ്റ്റിമേറ്റുകൾ വിശകലനം ചെയ്ത് അന്തിമ എസ്റ്റിമേറ്റ് തയ്യാറാക്കും. 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗതിശക്തിയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
റെയിൽവേയുടെ കൈവശമുള്ള സ്ഥലത്ത് യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കാനാകില്ല. അതിനാൽ സ്ഥലലഭ്യത സംബന്ധിച്ച് സിയാലുമായി ചർച്ച നടത്തും.
നിലവിലുള്ള റെയിൽവേ ലൈനിനു കിഴക്കുഭാഗത്താണ് റെയിൽവേയ്ക്ക് സ്ഥലമുള്ളത്.
റെയിൽവേ ലൈനിന് പടിഞ്ഞാറുഭാഗത്ത് സിയാലിന്റെ സ്ഥലമുണ്ട്. അവിടെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാൽ യാത്രക്കാർക്ക് കൂടുതൽ ഗുണകരമാകും. എന്നാൽ, ഇവിടെ നിന്ന് വിമാനത്താവളത്തിലേക്ക് യാത്രാസൗകര്യം കൂടി ഒരുക്കേണ്ടി വരും.
ആദ്യഘട്ടത്തിൽ റെയിൽവേയുടെ കൈവശമുള്ള സ്ഥലത്ത് കെട്ടിടം നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. അവിടെ ചതുപ്പായതിനാൽ മണ്ണിട്ട് ഉയർത്തേണ്ടി വരും. സമീപത്ത് നിലവിലുള്ള റോഡിന്റെ ഒരു ഭാഗം ഏറ്റെടുക്കേണ്ടിയും വരും.
600 മീറ്റർ നീളത്തിൽ രണ്ട് പ്ലാറ്റ്‌ഫോമുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. വന്ദേഭാരത് അടക്കമുള്ള തീവണ്ടികൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചേക്കും.






