
മുംബൈ: ഇ20 പെട്രോൾ കാരണം വാഹനങ്ങളുടെ മൈലേജ് കുറയുന്നതും എൻജിൻ തകരാർ വരുന്നതും സംബന്ധിച്ച പരാതികൾക്കിടെ പുതിയ ആവശ്യവുമായി എഥനോൾ ഉത്പാദന കമ്പനികൾ രംഗത്ത്. പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ തോത് 27 ശതമാനമാക്കണമെന്ന് പഞ്ചസാര കമ്പനികൾ ആവശ്യപ്പെട്ടു.
നിലവിൽ 20 ശതമാനം എഥനോൾ കലർത്തുകയെന്ന ലക്ഷ്യം പൂർത്തിയായാൽ പുതിയ രൂപരേഖ തയാറാക്കണമെന്നാണ് കമ്പനികളുടെ നിർദേശം.
എഥനോൾ ഉത്പാദനത്തിന് വേണ്ടി 40,000 കോടി രൂപയാണ് കമ്പനികൾ നിക്ഷേപിച്ചിരിക്കുന്നത്. ഉത്പാദന ശേഷി വർഷം 9000 ദശലക്ഷം ലിറ്റർ കടന്നു. അതുകൊണ്ട് പെട്രോളിൽ 27 ശതമാനം വരെ എഥനോൾ ചേർക്കാൻ കഴിയുമെന്നും ഇന്ത്യൻ പഞ്ചസാര, ബയോഎനർജി ഉത്പാദകരുടെ അസോസിയേഷൻ ഡയറക്ടർ ജനറൽ ദീപക് ബല്ലാനി പറഞ്ഞു.
എഥനോൾ ചേർക്കുന്നത് തുടരാനും ഉത്പാദന ശേഷി പൂർണതോതിൽ ഉപയോഗപ്പെടുത്താനും പഞ്ചസാര കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ അധിക വരുമാനം ലഭിക്കുന്നതിനും സമയബന്ധിതമായ ദേശീയ എഥനോൾ മൊബിലിറ്റി രൂപരേഖ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ എണ്ണ കമ്പനികൾ ഒരു വർഷം 12000 ദശലക്ഷം ലിറ്റർ എഥനോളാണ് പഞ്ചസാര കമ്പനികളിൽനിന്ന് വാങ്ങുന്നത്. എന്നാൽ, ഈ സാമ്പത്തിക വർഷം 17,760 ദശലക്ഷം ലിറ്ററാണ് വിതരണം ചെയ്യുന്നത്. 2022ൽ ദേശീയ ജൈവ ഇന്ധന നയം ഭേദഗതി ചെയ്താണ് പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നത്.
എഥനോൾ പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം കർഷകർക്ക് 1.25 ലക്ഷം കോടി രൂപ അധിക വരുമാനം ലഭിച്ചതായാണ് ഔദ്യോഗിക കണക്ക്. മാത്രമല്ല, അസംസ്കൃത എണ്ണ ഇറക്കുമതിയിൽ 1.44 ലക്ഷം കോടി രൂപ ലാഭിക്കാൻ സർക്കാറിനും കഴിഞ്ഞു.
അതേസമയം, 20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ മൈലേജ് കുറയ്ക്കുക മാത്രമല്ല, എൻജിൻ, പെട്രോൾ ലൈൻ, ടാങ്ക്, കാർബ്യുറേറ്റർ തുടങ്ങിയ വാഹനത്തിന്റെ പ്രധാന ഭാഗങ്ങൾക്ക് ഇടക്കിടെ തകരാർ വരുന്നുണ്ടെന്നും വ്യാപക പരാതി ഉയർന്നിരുന്നു.
രാജ്യത്തെ 323 ജില്ലകളിലെ 36,000ത്തിലധികം പെട്രോൾ വാഹന ഉടമകളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ‘ലോക്കൽ സർക്കിൾസ്’ നടത്തിയ സർവേയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.