
കോഴിക്കോട്: ഒരുവർഷത്തിനിടെ തേങ്ങയുടെ വില കുതിച്ചപ്പോള്‍ കർഷകർ അധികമായി നേടിയത് 3000 കോടിയോളം രൂപ. പച്ചത്തേങ്ങയുടെ തറവിലയായ 3400 രൂപയില്‍ നിന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ വില കയറിത്തുടങ്ങിയത്.
ആ മാസം തന്നെ 4400 രൂപയിലെത്തി. 8000 രൂപയ്ക്കടുത്തു വരെ കുതിപ്പുതുടർന്നു. കഴിഞ്ഞ വർഷത്തെ നാളികേരദിനത്തില്‍ ഒരു ക്വിന്റല്‍ പച്ചത്തേങ്ങയുടെ വില 3200 രൂപയായിരുന്നു ഇന്നത് 6800 രൂപയാണ്.
ഒരുവർഷത്തിനിടെ ശരാശരി 6000 രൂപ പച്ചത്തേങ്ങയ്ക്ക് കിട്ടി. കൊപ്രയ്ക്കും ഉണ്ടക്കൊപ്രയ്ക്കുമെല്ലാം ശരാശരി 20,000 രൂപയും. ദീപാവലി, നവരാത്രി ആഘോഷങ്ങള്‍ മുന്നിലുള്ളതിനാല്‍ വില അടുത്തൊന്നും കുറയില്ലെന്ന ആത്മവിശ്വാസത്തിലാണ് വിപണി.
ഒരുവർഷം കേരളത്തില്‍ 550 കോടിക്കും 600 കോടിക്കും മധ്യേ തേങ്ങവിളയുന്നുണ്ട്.
കഴിഞ്ഞവർഷം ഉത്പാദനം വളരെ കുറവായിരുന്നു. അന്തിമകണക്ക് പുറത്തുവന്നില്ലെങ്കിലും 500 കോടിക്കും താഴെയാണ് ഉത്പാദനം. ഇതിന്റെ 30 ശതമാനത്തോളം ഗാർഹികാവശ്യത്തിനായി ഉപയോഗിക്കുന്നവയാണ്. വിപണിയിലെത്തുന്നത് ഏതാണ്ട് 13 ലക്ഷം ടണ്‍ തേങ്ങ. ഇത്രയും തേങ്ങയ്ക്ക് തറവിലയില്‍ നിന്ന് അധികമായി ക്വിന്റലിന് 2500 രൂപ കിട്ടിയപ്പോള്‍ത്തന്നെ കർഷകരുടെ നേട്ടം 3000 കോടി രൂപയിലേറെ.
ഒരുകിലോ തേങ്ങയ്ക്ക് 35-40 രൂപയോളം ഉത്പാദനച്ചെലവ് വരുന്നുണ്ട്. ഇതില്‍ കൂടുതല്‍ കിട്ടിയാല്‍ മാത്രമേ കൃഷി ലാഭകരമാകൂ. ആ നേട്ടത്തിലേക്ക് തേങ്ങ ചുവടുവെച്ച വർഷമാണ് കടന്നുപോയത്. 7600 രൂപയിലെത്തിയ പച്ചത്തേങ്ങ വില പൊടുന്നനെ 52 രൂപയിലേക്ക് താഴ്ന്നത് ആശങ്കയുയർത്തിയെങ്കിലും അധികം വൈകാതെ തിരിച്ചുകയറി.
തേങ്ങയ്ക്ക് വില കൂടിയപ്പോള്‍ വിളയാത്ത തേങ്ങ വരെ വിളവെടുത്തത് വിപണിയില്‍ കൊപ്രയുടെയും മറ്റും ഗുണനിലവാരത്തെ ബാധിച്ചിരുന്നു. പലവ്യാപാരികള്‍ക്കും ഇത് നഷ്ടമുണ്ടാക്കി. ഇത് തിരിച്ചറിഞ്ഞ് കർഷകർ തന്നെ ഈ പ്രവണത നിയന്ത്രണിച്ച് വിപണിയെ വീണ്ടും ശക്തിപ്പെടുത്തിയിട്ടുണ്ട്.
വില കൂടിയപ്പോള്‍ തേങ്ങ ഉത്പാദനം കുറഞ്ഞത് കേരളത്തിന് വലിയ തിരിച്ചടിയായി. കാലാവസ്ഥാ വ്യതിയാനമാണ് കാരണം. ഇതാണ് കേരളത്തിനും വിനയായത്. പ്രധാന നാളികേര ഉത്പാദക രാജ്യങ്ങളിലെല്ലാം ഉത്പാദനം വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്.
രാജ്യത്ത് നാളികേര ഉത്പാദനത്തില്‍ ഒന്നാംസ്ഥാനത്തായിരുന്ന കേരളം കഴിഞ്ഞ രണ്ടുവർഷമായി മൂന്നാം സ്ഥാനത്താണ്. തമിഴ്നാടും കർണാടകയും മുന്നിലെത്തി. കൃഷിയില്‍ കേരളമാണ് മുന്നിലെങ്കിലും ഉത്പാദനക്ഷമത കുറഞ്ഞതാണ് തിരിച്ചടിയായത്.
കർണാടകയുടെയും തമിഴ്നാടിന്റെയും ഉത്പാദനം 600 കോടി തേങ്ങയ്ക്കു മുകളിലാണ്. തേങ്ങയുടെ ക്ഷാമമാണ് വിലകൂടുന്നതിലേക്ക് നയിച്ചതെങ്കിലും വിലയിടിവിന്റെ കാലത്ത് ഒന്നുകൂടി കൃഷിയെ ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂടുതല്‍ നേട്ടം കൊയ്യാമായിരുന്നു.






