തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

. നാളികേര വികസന ബോർഡ് സ്ഥാപക ദിനാഘോഷം

കൊച്ചി: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും നാളികേര ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള അവസരങ്ങളാക്കി മാറ്റണമെന്ന് കൊച്ചി മേയർ അഡ്വ. വി കെ മിനി മോൾ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, കീട-രോഗാക്രമണം എന്നിവ ഉൾപ്പെടെയുള്ള ഉയർന്നു വരുന്ന വെല്ലുവിളികളെ നവീന സമീപനങ്ങളോടെ നേരിടുകയും അവയെ സുസ്ഥിര വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുകയും വേണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നാളികേര സംസ്കരണം, സംരംഭകത്വം, അഗ്രിബിസിനസ് മേഖലകൾ എന്നിവയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തമാണ് നാളികേര മേഖലയിലെ ഭാവി നിർണയിക്കുമെന്നും മേയർ ഓർമിപ്പിച്ചു. നാളികേര വികസന ബോർഡിന്റെ 46-ാമത് സ്ഥാപക ദിനാഘോഷങ്ങൾ കാരിക്കാമുറി ചാവറ കൾചറൽ സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. നാളികേരം മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായതിനാൽ, കേരളത്തിന്റെ പേരിന് കാരണമായ ഈ വിളയുടെ കൃഷിയും ഉത്പാദനവും നമുക്ക് വർധിപ്പിച്ചേ മതിയാവൂ. ബോർഡിന്റെ കഴിഞ്ഞ ഏതാനും വർഷത്തെ പരിശ്രമം മൂലം നാളികേരത്തിൽ നിന്നുള്ള നിരവധി മൂല്യവർധിത ഉത്പന്നങ്ങളാണ് ഇപ്പോൾ വിപണി കൈയടക്കിയിരിക്കുന്നതെന്നും മേയർ പറഞ്ഞു.

നാളികേരത്തിന് ഇപ്പോൾ നല്ല വില ലഭിക്കുന്നുണ്ടെങ്കിലും അത് നമ്മുടെ കര്‍ഷകരിൽ എത്തുന്നില്ലെന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന എറണാകുളം എംഎൽഎ ടി ജെ വിനോദ് ചൂണ്ടിക്കാണിച്ചു. കാറ്റുവീഴ്‌ച്ച, ചെല്ലി, മണ്ഡരി പോലുള്ള കീടങ്ങൾ എന്നിവയാണ് നാളികേര മേഖലയ്ക്കു വലിയ ഭീഷണിയായി തുടരുന്നത്. ഇവയെ നിയന്ത്രിച്ച് ഉത്പാദനവും ഉത്പദനക്ഷമതയും എങ്ങനെ വർധിപ്പിക്കാം എന്നതു സംബന്ധിച്ച് നമ്മൾ ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്ന് എംഎൽഎ പറഞ്ഞു. നാളികേര മേഖലയിലെ കാറ്റ് വീഴ്ചയെക്കാൾ മാരകമായ ഭീഷണി ഉയർത്തുന്നത് ചെമ്പൻ ചെല്ലിയുടെ ആക്രമണമാണെന്ന് ജില്ലാ പ്രിൻസിപ്പൽ കാർഷിക ഓഫീസർ സഞ്ജു സൂസൻ മാത്യു അഭിപ്രായപ്പെട്ടു. ഇതിനെതിരെ ഒറ്റപ്പെട്ട കർഷകർ മുന്നോട്ടിറങ്ങിയാൽ ഫലമുണ്ടാകില്ല; കൂട്ടായ സമീപനമാണ് അനിവാര്യമെന്നും ഒരു പ്രദേശത്തെ എല്ലാ കർഷകരും ചേർന്നാണ് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതെന്നും അവർ നിർദ്ദേശിച്ചു. സംസ്ഥാനത്തെ വിവിധ നാളികേര ക്ലസ്റ്ററുകളിൽപ്പെട്ട ഏകദേശം ഇരുനൂറോളം കർഷകർ സമ്മേളനത്തിൽ പങ്കെടുത്തു. ബോർഡിന്റെ വിവിധ പദ്ധതികളെ കുറിച്ച് ഡെവലപ്‌മെന്റ് ഓഫീസർ വിൻസി വർഗീസ്, ഇൻഷുറൻസ് പദ്ധതികളെ കുറിച്ച് ഡെപ്യൂട്ടി ഡയറക്ടർ റിച്ചി റേച്ചൽ മാത്യു, മാർക്കറ്റിംഗിനെയും കയറ്റുമതിയെയും കുറിച്ച് അസിസ്റ്റന്റ് ഡയറക്ടർ എംഎ ലീനാമോൾ എന്നിവർ ക്ലാസുകൾ നയിച്ചു. നാളികേര കർഷകനായ എംഎം ഡൊമിനിക്, നാളികേര സംരംഭകയായ സുമില ജയരാജ് എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.

X
Top