
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി മൂന്നാമതൊരു ഹാങ്ങർ കൂടി വരുന്നു.
വ്യോമയാന ഭൂപടത്തില്‍ കൊച്ചിയെ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് സിയാലിന്റെ ഉപ കമ്പനിയായ കൊച്ചിൻ ഇന്റർനാഷണല്‍ ഏവിയേഷൻ സർവീസ് ലിമിറ്റഡ് (സിഐഎഎസ്‌എല്‍) 50 കോടിയുടെ മെഗാ പദ്ധതി നടപ്പാക്കുന്നത്.
വിമാന അറ്റകുറ്റപ്പണികള്‍ക്കായി (എംആർഒ) കൊച്ചി എയർപോർട്ടില്‍ നിർമിക്കുന്ന മൂന്നാമത്തെ കൂറ്റൻ ഹാങ്ങറിന്റെ നിർമാണ പ്രവർത്തനങ്ങള്‍ക്ക് സിഐഎഎസ്‌എല്‍ ചെയർമാൻ എസ്. സുഹാസ് തുടക്കം കുറിച്ചു.
53,800 ചതുരശ്രയടി വിസ്തീർണത്തില്‍ നിർമിക്കുന്ന ഹാങ്ങറിനോടു ചേർന്ന് 7000 ചതുരശ്ര അടിയില്‍ പ്രത്യേക ഓഫീസ്, വർക്ക് ഷോപ്, കംപോണന്റ് റിപ്പെയറിങ്ങിനും നോണ്‍-ഡിസ്ട്രക്ടീവ് ടെസ്റ്റിങ്ങിനുമുള്ള സൗകര്യം എന്നിവ ഒരുക്കും. എട്ടു മാസത്തിനുള്ളില്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവില്‍ കേരളത്തിനു പുറമേ നാഗ്പുർ, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് രാജ്യത്തെ പ്രധാന എയർക്രാഫ്റ്റ് മെയിന്റനൻസ് കേന്ദ്രങ്ങളുള്ളത്. കേരളത്തില്‍ കൊച്ചിക്കു പുറമേ തിരുവനന്തപുരത്തും എംആർഒ സംവിധാനമുണ്ട്. എന്നാല്‍, റണ്‍വേയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റണ്‍വേ കണക്ടിവിറ്റി കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണുള്ളത്.
വിമാനങ്ങളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും അവയുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യം രാജ്യത്ത് അപര്യാപ്തമാണ്. അതിനാല്‍ രാജ്യത്തെയും വിദേശത്തെയും വിമാനക്കമ്ബനികള്‍ അറ്റകുറ്റപ്പണികള്‍ക്കും പാർക്കിങ്ങിനുമായി സിങ്കപ്പൂർ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
ഇതുവഴി കോടിക്കണക്കിനു രൂപയാണ് ഓരോ വർഷവും രാജ്യത്തിനു പുറത്തേക്ക് ഒഴുകുന്നത്. പുതിയ ഹാങ്ങർ യാഥാർഥ്യമാകുന്നതോടെ വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ ബിസിനസ് കേരളത്തിലേക്ക് ആകർഷിക്കാനും കൊച്ചിയെ ദക്ഷിണേഷ്യയിലെ ഒരു പ്രധാന എംആർഒ ഹബ്ബായി ഉയർത്താനും സാധിക്കും.
ശേഷി ഇരട്ടിയാകും
നിലവിലുള്ള ഹാങ്ങറുകളില്‍ ഒരേസമയം ഒരു നാരോ ബോഡി വിമാനത്തിനു മാത്രം അറ്റകുറ്റപ്പണികള്‍ നടത്താൻ കഴിയുമ്ബോള്‍, പുതിയ ഹാങ്ങറില്‍ ഒരേസമയം രണ്ട് നാരോ ബോഡി വിമാനങ്ങളെ ഉള്‍ക്കൊള്ളാനാകും. ഇതോടെ സിഐഎഎസ്‌എല്ലിന്റെ എംആർഒ ശേഷി ഒറ്റയടിക്ക് ഇരട്ടിയാകും.
പുതിയ ഹാങ്ങറിനോടു ചേർന്നുള്ള കവേർഡ് പാർക്കിങ് സൗകര്യമാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. കേരളത്തില്‍ ആദ്യമായാണ് വിമാനങ്ങള്‍ക്കായി ഇത്തരമൊരു സംവിധാനം ഒരുങ്ങുന്നത്.
3.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഈ പാർക്കിങ് ഏരിയയില്‍ ഒരേസമയം 13 നാരോ ബോഡി വിമാനങ്ങള്‍ വരെ സുരക്ഷിതമായി പാർക്ക് ചെയ്യാം. ബിസിനസ് ജെറ്റുകള്‍ക്കും പ്രൈവറ്റ് ഹെലികോപ്റ്ററുകള്‍ക്കും സ്വകാര്യത ഉറപ്പാക്കി സുരക്ഷിതമായി പാർക്ക് ചെയ്യാൻ ഈ സൗകര്യം സഹായകമാകും.