
ബീജിംഗ്: ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ ഇന്ത്യ. ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. അഞ്ച് വർഷത്തിന് ശേഷമാണ് ചൈനീസ് പൗരന്മാർക്ക് ഇന്ത്യ ടൂറിസ്റ്റ് വിസ നൽകാനൊരുങ്ങുന്നത്. ജൂലൈ 24 മുതൽ വിസ നൽകുമെന്നാണ് ചൈനയിലെ എംബസി നൽകുന്ന വിവരം.
2020 ലെ ഗാൽവാൻ വാലി സംഘർഷത്തിനുശേഷം വഷളായ ഇന്ത്യ ചൈന ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിന്റഎ ഭാഗമായാണ് നടപടി. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഈ വർഷത്തിന്റ തുടക്കത്തിൽ തന്നെ ധാരണയിലെത്തിയിരുന്നു.
കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനും ഇരുപക്ഷവും തീരുമാനിച്ചിരുന്നു. കോവിഡ്, ഗാൽവാൻ പ്രതിസന്ധി എന്നിവയെത്തുടർന്ന് നേരിട്ടുള്ള വിമാന സർവീസുകളും കൈലാസ് മാനസരോവർ യാത്രയും നിർത്തിവച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഈ മാസം ചൈന സന്ദർശിച്ചിരുന്നു അഞ്ച് വർഷത്തിനിടെ അയൽരാജ്യത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയായിരുന്നു അത്.
മാർച്ചിൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ സുസ്ഥിരമാക്കാൻ ചൈന ശ്രമിച്ചിരുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറയുന്നണ്ടെങ്കിലും, പാകിസ്ഥാന് ചൈന നൽകുന്ന രഹസ്യവും പരസ്യവുമായ പിന്തുണ ഇപ്പോഴും ഒരു നിർണായക വിഷയമാണ്.
കൂടാതെ, നയതന്ത്ര ചർച്ചകൾ തുടരുമ്പോഴും, ചൈനയുടെ സമീപകാല വ്യാപാര നടപടികൾ ഇന്ത്യയ്ക്ക് ആശങ്ക നൽകുന്നതാണ്.
അടുത്തിടെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കി വേണ്ടിയുള്ള അപൂർവ എർത്ത് മാഗ്നറ്റുകൾ, വളങ്ങൾ, ടണൽ ബോറിംഗ് മെഷീനുകൾ എന്നിവയുൾപ്പെടെ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി ചൈന വൈകിപ്പിക്കുകയോ നിർത്തുകയോ ചെയ്തിട്ടുണ്ട്. ഇതും ഇന്ത്യ – ചൈന ബന്ധത്തെ ചോദ്യമുനയിൽ നിർത്തുന്നുണ്ട്.