
സെമികണ്ടക്ടർ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത നേടി പാശ്ചാത്യ രാജ്യങ്ങളുടെ, പ്രത്യേകിച്ച് യുഎസിന്റെ മേധാവിത്വത്തെ മറികടക്കാനുള്ള ചൈനീസ് പദ്ധതി സുപ്രധാന വഴിത്തിരിവിൽ. ചൈനയുടെ ‘മാൻഹട്ടൻ പ്രോജക്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഇയുവി (Extreme Ultraviolet) ലിത്തോഗ്രാഫി മെഷീൻ ചൈനീസ് ഗവേഷകർ വികസിപ്പിച്ചു. ഇതിന്റെ പ്രോട്ടോടൈപ്പ് ഗവേഷകർ നിർമിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ചിപ് നിർമാണ രംഗത്തെ പാശ്ചാത്യ രാജ്യങ്ങളുടെ അപ്രമാദിത്വം പൊളിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ചിപ്പ് നിർമ്മാണ രംഗത്ത് പാശ്ചാത്യ രാജ്യങ്ങളുമായുള്ള മത്സരത്തിന്റെ ഗതി തിരുത്തിക്കുറിക്കാൻ സാധ്യതയുള്ള മുന്നേറ്റമാണ് ചൈന നടത്തിയിരിക്കുന്നത്. ചൈനയെ സാങ്കേതികമായി ഒരു തലമുറയെങ്കിലും പിന്നിലാക്കുക എന്ന ലക്ഷ്യത്തോടെ, 2018 മുതൽ EUV മെഷീനുകൾ ചൈനയ്ക്ക് വിൽക്കുന്നത് തടയാൻ അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് ഒരുക്കിയ നിയന്ത്രണ സംവിധാനമാണ് EUV മെഷീനുകൾക്ക് മേൽ ഉണ്ടായിരുന്നത്. പാശ്ചാത്യ നിയന്ത്രണത്തെ മറികടന്നാണ് ചൈന ഇപ്പോൾ നിർണായകമായ മുന്നേറ്റം നടത്തിയിരിക്കുന്നത്.
നൂതനമായ ചിപ്പുകൾ നിർമ്മിക്കുന്നതിനുള്ള പ്രധാന ഉപാധിയാണ് ഇയുവി ലിത്തോഗ്രാഫി മെഷീൻ. ഇത് ഒരു കമ്പനി മാത്രം കുത്തകയാക്കി വെച്ചിരിക്കുന്ന സങ്കീർണ്ണമായ സാങ്കേതികവിദ്യയാണ്. ഡച്ച് കമ്പനിയായ എഎസ്എംഎൽ ഹോൽഡിങ്‌സിന്റെ പക്കൽ മാത്രമാണ് ഈ സാങ്കേതിക വിദ്യ നിലവിലുള്ളത്. ഇയുവി ലിത്തോഗ്രാഫി മെഷീനുകൾ ഉപയോഗിച്ച് മനുഷ്യന്റെ മുടിയേക്കാൾ ആയിരക്കണക്കിന് മടങ്ങ് കനം കുറഞ്ഞ സർക്യൂട്ടുകൾ സിലിക്കൺ വേഫറുകളിൽ കൊത്തിവയ്ക്കാൻ കഴിയും.
പ്രതിരോധം, ഹൈ-എൻഡ് കമ്പ്യൂട്ടിംഗ്, എഐ എന്നിവയ്ക്കുള്ള ചിപ്പുകൾ നിർമിക്കുന്നതിന് അത്യന്താപേക്ഷിതമാണ് ഇയുവി ലിത്തോഗ്രാഫി മെഷീൻ. ഈ സാങ്കേതിക വിദ്യയിലാണ് ചൈന നിർണായക മുന്നേറ്റം കൈവരിച്ചിരിക്കുന്നത്.
ചൈന വികസിപ്പിച്ച ഇയുവി ലിത്തോഗ്രാഫി മെഷീൻ പ്രോട്ടോടൈപ്പ് എഎസ്എംഎൽ ഹോൽഡിങ്‌സിന്റെ മെഷിനേക്കാൾ വളരെയധികം വലിപ്പമുള്ളവയാണ്. ഒരു ഫാക്ടറി ഫ്‌ളോറിന്റെ അത്രയും സ്ഥലത്തോളം വലുതാണ് ഈ പ്രോട്ടോടൈപ്പ്. ഇയുവി ലൈറ്റ് എന്നത് വളരെ ഉയർന്ന ഊർജ്ജമുള്ള ഒരുതരം പ്രകാശതരംഗമാണ്.
ആധുനിക സ്മാർട്ട്‌ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന ഏറ്റവും ചെറിയ മൈക്രോചിപ്പുകൾ (Microchips) നിർമ്മിക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇയുവി എഞ്ചിനീയറിംഗിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണ് ലൈറ്റ് സോഴ്സ് പ്രവർത്തനക്ഷമമാക്കുക എന്നുള്ളത്. ഇത് കൈവരിക്കാൻ ചൈനയ്ക്ക് ഒരു ദശാബ്ദമോ അതിലധികമോ സമയം വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ പറഞ്ഞിരുന്നത്. ആ സ്ഥാനത്താണ് പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ച ചൈനീസ് മുന്നേറ്റമെന്നതാണ് ശ്രദ്ധേയം.
ചിപ്പ് നിർമാണ സാങ്കേതിക വിദ്യയിൽ നേടുന്ന നിയന്ത്രണം ഡിജിറ്റൽ അടിത്തറ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഗോള സമ്പദ് വ്യവസ്ഥ എന്നിവയുടെ കാര്യത്തിൽ മേധാവിത്വം നേടുന്നതിൽ ചൈനയെ സഹായിക്കും. ആധുനിക യുദ്ധത്തിന്റെ നിയന്ത്രണം പോലും ചൈനയുടെ കൈവശമെത്തുന്ന കാലം വിദൂരമല്ല.
അതുകൊണ്ടാണ് ഈ പദ്ധതിയെ രണ്ടാം ലോകമഹായുദ്ധസമയത്ത് ആറ്റം ബോംബ് നിർമ്മിക്കാൻ യുഎസ് നടത്തിയ അതീവ രഹസ്യ പദ്ധതിയായ മാൻഹട്ടൻ പ്രോജക്ടുമായി താരതമ്യം ചെയ്യുന്നത്. അത്രത്തോളം പ്രാധാന്യം ചൈന നേടിയ വിജയത്തിന് പിന്നിലുണ്ട്.
അതിരഹസ്യസ്വഭാവത്തിലാണ് ചൈന ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോയത്. ആയിരക്കണക്കിന് എഞ്ചിനീയർമാർ ഉൾപ്പെടുന്ന ഈ പദ്ധതിയിൽ, രഹസ്യം നിലനിർത്തുന്നതിനായി ടീമുകളെ പരസ്പരം ബന്ധപ്പെട്ടിരുന്നില്ല. മാത്രമല്ല, ഇവിടെ ജോലി ചെയ്തവരെ മറ്റൊരു പേരിലാണ് റിക്രൂട്ട് ചെയ്തത്. പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന വാവെ ( Huawei) കമ്പനിയാണ് ഇയുവി മെഷീൻ രൂപകൽപ്പന മുതൽ സംയോജനം വരെയുള്ള വിതരണ ശൃംഖലയിൽ പ്രധാന ഏകോപന പങ്ക് വഹിക്കുന്നത്.
പദ്ധതിക്കായി എഎസ്എംഎൽ ഹോൽഡിങ്‌സിന്റെ പഴയ മെഷീനുകളും ഭാഗങ്ങളും സെക്കൻഡ് ഹാൻഡ് മാർക്കറ്റുകളിൽനിന്നും ലേലങ്ങളിൽനിന്നും നിയമപരമായി വാങ്ങി റിവേഴ്‌സ് എഞ്ചിനീയറിംഗിനായി ഉപയോഗിച്ചു. ഇതിന് പുറമെ ഇടനിലക്കാർ വഴി എഎസ്എംഎൽ ഹോൽഡിങ്‌സിന്റെ വിതരണക്കാരിൽനിന്ന് ഘടകങ്ങൾ സംഭരിച്ചു.
ജാപ്പനീസ് കമ്പനികളായ നികോൺ, കനോൺ എന്നിവയുടെ ഘടകങ്ങൾ പോലും ഇതിനായി ഇപയോഗപ്പെടുത്തി.
ചാംഗ്ചുൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റിക്സ്, ഫൈൻ മെക്കാനിക്സ് ആൻഡ് ഫിസിക്സ് എന്നീ സ്ഥാപനങ്ങളാണ് പദ്ധതിയിൽ നിർണായകമായ പങ്കുവഹിച്ച മറ്റുള്ളവർ. ഇയുവി ശേഷിയിലേക്ക് എത്താൻ ചൈനയ്ക്ക് ഏറെ വർഷങ്ങൾ വേണ്ടിവരുമെന്ന പാശ്ചാത്യ മുൻധാരണയെ തിരുത്തിക്കുറിക്കുന്നതാണ് ഈ വിജയം. ഒറ്റയടിക്ക് നിലവിലെ പാശ്ചാത്യ രാജ്യങ്ങളുടെ അത്രയും അടുത്ത് എത്താൻ ചൈനയ്ക്ക് സാധിക്കില്ലെങ്കിലും പ്രതീക്ഷിച്ചതിനേക്കാൾ പതിന്മടങ്ങ് വേഗത്തിൽ അവർ സാങ്കേതിക സ്വാശ്രയത്വം നേടുമെന്നുറപ്പ്.
ചൈന സ്വന്തമായി ഇയുവി പദ്ധതി വികസിപ്പിക്കുകയാണെങ്കിൽ എഐ, നൂതന ആയുധങ്ങൾ എന്നിവയുടെ വികസനത്തിൽ ഉണ്ടാകാൻ പോകുന്ന മുന്നേറ്റത്തിൽനിന്ന് ചൈനയെ തടയാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങൾ ദുർബലമായി മാറും. പാശ്ചാത്യ രാജ്യങ്ങൾക്ക് സമാന്തരമായി ചൈന മറ്റൊരു സെമികണ്ടക്ടർ സംവിധാനം സ്ഥാപിക്കുന്നതിലേക്കാകും ഇതെത്തി നിൽക്കുക.






