
ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്കുള്ള യൂറിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ചൈന ലഘൂകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകാനുള്ള സാധ്യതയേറി.
ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ ഇന്ത്യ നേരത്തെ തയ്യാറായിരുന്നു. ഓഗസ്റ്റ് 31 ന് നടക്കുന്ന തിയാന്‍ജിന്‍ സമ്മിറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ജി സിന്‍പിങ്ങും നേരില്‍ കാണുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നീക്കം.
ലോകത്ത് ഏറ്റവും കൂടുതല്‍ വളം ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയ്ക്ക് 300,000 ടണ്ണിന്റെ യൂറിയയാണ് ആവശ്യമുള്ളത്. നൈട്രജന്‍ അധിഷ്ഠിത വളം ഉത്പാദിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയാണ് ഇതിന്റെ പകുതിയും നല്‍കുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെ ചൈന യൂറിയ കയറ്റുമതി നിര്‍ത്തി.
പിന്നീട് ജൂണില്‍ ഭാഗികമായി പുന:രാരംഭിച്ചെങ്കിലും നിയന്ത്രണങ്ങള്‍ തുടര്‍ന്നു, 2020 ല്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വൈരം രൂക്ഷമായത്.
അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കും നിരവധി ചൈനീസ് സൈനികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.