
ചാറ്റ്ജിപിടിയിൽ ഇനി പരസ്യങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് ഓപ്പൺഎഐ. യു.എസിലാകും ഇതിന്റെ ആദ്യ പരീക്ഷണം. എല്ലാ ഉപയോക്താക്കൾക്കും ആദ്യഘട്ടത്തിൽ പരസ്യം കാണാൻ കഴിയണമെന്നില്ല. ChatGPT സൗജന്യമായി ഉപയോഗിക്കുന്ന ചില ഉപയോക്താക്കൾക്കും ChatGPT Go സബ്‌സ്‌ക്രിപ്ഷൻ എടുത്തവർക്കും അവരുടെ സെർച്ചുമായി ബന്ധപ്പെട്ട പ്രസക്തമായ പരസ്യങ്ങൾ കാണാൻ കഴിയുമെന്ന് കമ്പനി പറയുന്നു.
ഉദാഹരണത്തിന് മെക്‌സിക്കോയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് ChatGPT യോട് ചോദിക്കുന്നവർക്ക് അവിടുത്തെ ഹോളിഡേ റിസോർട്ടുകളുടെയും മറ്റും പരസ്യം കാണാൻ കഴിയും. എന്നാൽ ChatGPT നൽകുന്ന ഉത്തരങ്ങളെ പരസ്യങ്ങൾ ഒരുതരത്തിലും സ്വാധീനിക്കില്ലെന്നും ഉപയോക്താക്കളുടെ ഡാറ്റ കമ്പനി പരസ്യം ചെയ്യുന്നവരുമായി പങ്കിടില്ലെന്നും OpenAI ഉറപ്പുനൽകുന്നു.
കൂടുതൽ പേർക്ക് ഞങ്ങളുടെ എഐ ടൂളുകൾ പ്രയോജനപ്പെടുത്താൻ കഴിയും എന്നതിനാൽ പരസ്യങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു എന്നാണ് കമ്പനി പറയുന്നത്. അതിനിടെ ഓപ്പൺഎഐയുടെ നീക്കം നിക്ഷേപകർ അടക്കമുള്ളവർക്കിടയിൽ സംശയവും എഐ കുമിള പൊട്ടുമോ എന്ന ആശങ്കയും വർധിപ്പിച്ചിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ടുചെയ്യുന്നു. ചില അനലിസ്റ്റുകൾ ഈ ‘ബബിൾ’ നിലനിൽക്കില്ലെന്നും ഉടൻ പൊട്ടുമെന്നും പ്രവചിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പരസ്യ വരുമാനത്തെ ആശ്രയിക്കാനുള്ള OpenAIയുടെ തീരുമാനം ആശ്ചര്യകരമല്ലെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചാറ്റ്ജിപിടി ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. പക്ഷേ അത് നിക്ഷേപകരുടെ പണം കത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ലാഭം നേടുന്ന സ്ഥാപനമല്ലെന്നും അവർ പറയുന്നു. അതിനാൽ കമ്പനിക്ക് യഥാർത്ഥത്തിൽ ലാഭം നേടണമെങ്കിൽ കൂടുതൽ വരുമാന സ്രോതസ്സുകൾ കണ്ടെത്തേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
2025-ലെ ആദ്യ ആറ് മാസങ്ങളിൽ ഓപ്പൺഎഐ ഏകദേശം 8 ബില്യൺ ഡോളർ (800 കോടി ഡോളർ) നഷ്ടത്തിലാണ് പ്രവർത്തിച്ചതെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടു ചെയ്യുന്നത്. ChatGPTഉപയോക്താക്കളിൽ 5 ശതമാനം മാത്രമാണ് പണമടയ്ക്കുന്ന സബ്‌സ്‌ക്രൈബർമാർ. കുറഞ്ഞ തുകയ്ക്കുള്ള ChatGPT Go പ്ലാൻ 2025-ൽ ആദ്യം ഇന്ത്യയിലാണ് അവതരിപ്പിച്ചത്. തുടർന്നാണ് മറ്റ് രാജ്യങ്ങളിലേക്കും വിപുലീകരിച്ചത്.
OpenAI ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായാണ് സ്ഥാപിതമായത് എങ്കിലും വാണിജ്യപരമായ പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് പരസ്യ വരുമാനത്തെ ആശ്രയിക്കാനുള്ള തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. കമ്പനി സിഇഓ സാം ആൾട്ട്മാൻ ഒരുകാലത്ത് പരസ്യങ്ങളെ വെറുക്കുന്നുവെന്ന് പറയുകയും അവയെ ‘അവസാനത്തെ ആശ്രയം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.






