
കൊച്ചി: എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ321 നീയോ വിമാനങ്ങള്‍ക്കായുള്ള നിലവിലെ ഓര്‍ഡറുകളില്‍ നിന്ന് 15 വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ഏറ്റവും പുതിയ എ 321 എക്‌സ്എല്‍ആര്‍ വിമാനങ്ങളിലേക്ക് മാറ്റി. ഹൈദരാബാദില്‍ നടക്കുന്ന വിങ്സ് ഇന്ത്യ 2026ലായിരുന്നു എയര്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം.
2023, 2024 വര്‍ഷങ്ങളിലാണ് എയര്‍ ഇന്ത്യ ഈ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ കൊടുത്തത്. 50 ട്വിന്‍ ഐല്‍ എ350 വിമാനങ്ങളും 300 സിംഗിള്‍ ഐല്‍ എ320 വിമാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ ഓര്‍ഡര്‍. ഇതില്‍ നിന്നുള്ള 15 വിമാനങ്ങളാണ് എ 321 എക്‌സ്എല്‍ആര്‍ ആയി മാറ്റുന്നത്. 2029, 2030 വര്‍ഷങ്ങളിലായിരിക്കും ഈ വിമാനങ്ങളുടെ ഡെലിവറി.
എ320 നിയോ കുടുംബത്തിലെ ഏറ്റവും പുതിയതും നവീനവുമായ വിമാനങ്ങളാണ് എ321 എക്‌സ്എല്‍ആര്‍. 4700 നോട്ടിക്കല്‍ മൈല്‍ (8700 കിമി) ദൂരപരിധിയുള്ള ഈ വിമാനത്തിന് മികച്ച ഇന്ധനക്ഷമതയും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമുള്ള കാബിന്‍ അനുഭവവും നല്‍കാന്‍ സാധിക്കും. മലിനീകരണ തോതും കുറവാണ്.
ഈ നീക്കത്തിലൂടെ പുതിയ നോണ്‍ സ്റ്റോപ്പ് അന്താരാഷ്ട്ര റൂട്ടുകള്‍ ആരംഭിക്കാനും മറ്റ് അന്താരാഷ്ട്ര സര്‍വീസുകളില്‍ സിംഗിള്‍ ഐല്‍ വിമാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്താനും എയര്‍ ഇന്ത്യയ്ക്ക് സാധിക്കും.
ആകെ 600 പുതിയ വിമാനങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. 542 വിമാനങ്ങളുടെ ഡെലിവറി ബാക്കിയുണ്ട്. ഇതില്‍ 344 എണ്ണം എയര്‍ബസ് വിമാനങ്ങളാണ്.
2022 ജനുവരിയില്‍ നടന്ന സ്വകാര്യവല്‍ക്കരണത്തിന് ശേഷം പുതിയ വിമാനങ്ങള്‍ വാങ്ങല്‍, തന്ത്രപ്രധാന ലീസുകള്‍, വിസ്താര- എയര്‍ ഇന്ത്യ ലയനം, പഴയ വിമാനങ്ങളുടെ നവീകരണം എന്നിവയിലൂടെ ഏകദേശം 170 വിമാനങ്ങളാണ് എയര്‍ ഇന്ത്യയുടെ ഫ്‌ളീറ്റില്‍ ഉള്‍പ്പെടുത്തിയത്.






