ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ◆ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 483 മില്യൺ ഡോളറിലെത്തി ◆ വിദേശത്ത് വീടും ഭൂമിയും വാരിക്കൂട്ടി ഇന്ത്യക്കാർ; വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ വൻ കുതിപ്പ് ◆ റിപ്പോ നിരക്ക് ആർബിഐ ഇനിയും കൂട്ടിയേക്കാം; ഡിസംബറിലും ഫെബ്രുവരിയിലും വർധനയ്ക്ക് സാധ്യത ◆

4 പൊതുമേഖലാ ബാങ്കുകളിലെ ഓഹരി കൂടി വിൽക്കാൻ കേന്ദ്രം

ന്യൂഡൽഹി: ഐഡിബിഐ ബാങ്കിലെ 60.72 കോടി ഓഹരികൾ കനേഡിയൻ നിക്ഷേപക സ്ഥാപനമായ ഫെയർഫാക്സിനു വിൽക്കാൻ തീരുമാനിച്ചതിനു പിന്നാലെ നിർണായക നീക്കവുമായി കേന്ദ്രം. നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികൾ കൂടി സമാന രീതിയിൽ വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി വിവരം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് , പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകളുടെ ഓഹരിയാണ് വിൽക്കുന്നത്.

വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ 75 ശതമാനത്തിലധികം ഓഹരികൾ പ്രൊമോട്ടർമാർ കൈവശം വയ്ക്കാൻ പാടില്ലെന്നാണ് സെബി ചട്ടം. ഇതുപാലിക്കാനാണ് കേന്ദ്രസർക്കാർ പ്രൊമോട്ടറായ ബാങ്കുകളിലെ ഓഹരി വിൽക്കുന്നത്. ഇക്കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ല. 2026 ഓഗസ്റ്റ് വരെ ഈ ചട്ടത്തിൽ നിന്ന് പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. എന്നാൽ പിന്നീട് ഈ ഇളവ് നീട്ടി കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

അടുത്ത ഒരു വർഷത്തിനുള്ളിൽ നാല് ബാങ്കുകളിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിനു മുകളിലെത്തിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഓഫർ ഫോർ സെയിൽ വഴിയാകും കേന്ദ്രസർക്കാർ ഓഹരി വിഹിതം ഒഴിവാക്കുന്നത്.

വിപണിയിലെ സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും ഇതിനുള്ള സമയക്രമവും വിലയും നിശ്ചയിക്കുന്നത്. ഇതോടെ ഈ ബാങ്കുകളുടെ വിപണി വിഹിതവും ഉയരാ‍ൻ സാധ്യതയുണ്ട്. ഈ കമ്പനികളിൽ പൊതുനിക്ഷേപകരുടെ പങ്കാളിത്തവും ഇതോടെ ഉയരും.

നിലവിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 92.44 ശതമാനം ഓഹരി വിഹിതമാണ് കേന്ദ്രസർക്കാരിനുള്ളത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 81.19 ശതമാനവും യൂകോ ബാങ്കിൽ 90.95 ശതമാനവും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 93.85 ശതമാനം ശതമാനം ഓഹരികളും കേന്ദ്രസർക്കാരിനുണ്ട്. ഇത് 75 ശതമാനത്തിലേക്ക് താഴ്ത്താൻ വലിയ രീതിയിൽ ഓഹരി വിൽക്കേണ്ടതുണ്ട്.

എണ്ണം കുറയ്ക്കും
അടുത്ത റൗണ്ടിൽ ലയിപ്പിക്കേണ്ട പൊതുമേഖല ബാങ്കുകളെ കണ്ടെത്താനും കേന്ദ്രസർക്കാർ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഭാവിയിൽ മൂന്നോ നാലോ വലിയ പൊതുമേഖല ബാങ്കുകൾ മാത്രം മതിയെന്നാണ് കേന്ദ്രതീരുമാനം. ഇതിനായി ചില ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനും നീക്കമുണ്ട്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ സ്വകാര്യവൽക്കരണത്തിന് നിതി ആയോഗ് തിരഞ്ഞെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യവും കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ല. ഐഡിബിഐയ്ക്ക് പുറമെ രണ്ട് പൊതുമേഖല ബാങ്കുകളെ കൂടി സ്വകാര്യവൽക്കരിക്കുമെന്ന് 2021-22 ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഐഡിബിഐ ഡീൽ
ഏകദേശം 53,000 കോടി രൂപയ്ക്കാണ് കനേഡിയൻ കമ്പനിക്ക് ഐഡിബിഐയുടെ ഭൂരിപക്ഷം ഓഹരികളും വിൽക്കാൻ കേന്ദ്രമന്ത്രിസഭ അനുവാദം നൽകിയത്. ഇന്ത്യൻ ധനകാര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.

കേന്ദ്രത്തിന്റെ കൈവശമുള്ള 30.48% ഓഹരികളും എൽഐസിയുടെ 30.24% ഓഹരികളുമാണ് വിൽക്കുന്നത്.സർക്കാരിന് 26,620 കോടി രൂപയും എൽഐസിക്ക് 26,440 കോടി രൂപയും ഇതിലൂടെ ലഭിക്കും.

നിലവിൽ ഐഡിബിഐയിൽ കേന്ദ്രത്തിന് 45.4 ശതമാനവും പ്രമോട്ടറായ എൽഐസിക്ക് 49.24 ശതമാനവും ഓഹരിയാണുള്ളത്. ഇടപാട് പൂർത്തിയാകുമ്പോൾ ഇത് യഥാക്രമം 15 ശതമാനവും 19 ശതമാനവുമായി കുറയും.

ഫലത്തിൽ, ഫെയർഫാക്സ് ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമയാകും. ഓഹരിയൊന്നിന് 81 രൂപ രൂപയ്ക്കാണ് ഇടപാട്.

X
Top