
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ ഉത്തരവിടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നതിനായി ഇന്റര്‍നെറ്റ് നിയന്ത്രണ നയത്തില്‍ മാറ്റം വരുത്തിയിരിക്കയാണ് ഇന്ത്യ. എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ എതിര്‍പ്പ് മാനിച്ചുകൊണ്ടാണ് തീരുമാനം.
പുതിയ നിയമപ്രകാരം, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ നീക്കം ചെയ്യല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയൂ. പ്രത്യേകിച്ചും, ജോയിന്റ് സെക്രട്ടറി അല്ലെങ്കില്‍ അതിനു മുകളിലുള്ളവര്‍ക്ക്. പോലീസുദ്യോഗസ്ഥരാണെങ്കില്‍ കുറഞ്ഞത് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആയിരിക്കണം.
നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും ഈ അധികാരം ഉണ്ടായിരിക്കുമെന്ന് വിദഗ്ദ്ധര്‍ കണക്കാക്കുന്നു. അതേസമയം നിയുക്തരായ ഉദ്യോഗസ്ഥരുടെ എണ്ണം കുറയും. ജൂനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നേരത്തെ സാധിക്കുമായിരുന്നു. എന്നാല്‍ ഈ നയത്തെ എക്‌സ് ചോദ്യം ചെയ്തു.
നയം ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായ സ്വതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും എക്‌സ് ഹൈക്കോടതിയില്‍ വാദിച്ചു. അതേസമയം 2025 സെപ്തംബറില്‍ കര്‍ണ്ണാടക ഹൈക്കോടതി എക്‌സിന്റെ വാദം തള്ളി. എക്‌സിന്റെ വാദം ഇപ്പോഴും പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടിട്ടില്ല.






