
ന്യൂഡല്‍ഹി: പഴയ വാഹനങ്ങള്‍ പൊളിച്ചുകളയുന്നതിനും വ്യക്തികള്‍ക്ക് നികുതി ഇളവുകള്‍ ലഭ്യമാക്കാനും സംസ്ഥാനങ്ങള്‍ക്ക് അധിക കേന്ദ്രസഹായം.പ്രത്യേക മൂലധന നിക്ഷേപ പദ്ധതിക്ക് കീഴില്‍ 2000 കോടി രൂപയാണ് കേന്ദ്രം ലഭ്യമാക്കുക. 2022-23 ബജറ്റില്‍ 1.05 ലക്ഷം കോടി രൂപ അടങ്കല്‍ ഈയിനത്തില്‍ കേന്ദ്രം നീക്കിവച്ചിരുന്നു.
പദ്ധതി പ്രകാരം, 50 വര്‍ഷത്തെ പലിശ രഹിത വായ്പയായാണ് തുക ലഭ്യമാക്കുക. റോഡ് ഗതാഗത മേഖല കൂടി ഉള്‍പ്പെടുത്തിയതോടെ പദ്ധതിയുടെ ആകെ അടങ്കല്‍് 1.07 ലക്ഷം കോടിയായി പിന്നീട് ഉയര്‍ന്നു. പദ്ധതിക്ക് കീഴില്‍ ഇതുവരെ 77,110 കോടി രൂപ അംഗീകരിക്കുകയും 41,118 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുകയും ചെയ്തു.
മൂലധന ചെലവ് ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രഥമിക ലക്ഷ്യം. ഇതിനായി 80,000 കോടി രൂപയാണ് നീക്കിവയ്ക്കുക. കൂടാതെ, സ്വകാര്യവല്‍ക്കരണം അല്ലെങ്കില്‍ നിക്ഷേപം വിറ്റഴിക്കല്‍, ഡിജിറ്റൈസേഷന്‍, നഗരപരിഷ്‌കാരങ്ങള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ പദ്ധതികള്‍, ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്ക് പ്രോത്സാഹനമേകുന്നു.
ഇതിന് പുറമെയാണ് നിലവിലുള്ള രണ്ടായിരം കോടി. പിടിച്ചെടുത്ത വാഹനങ്ങള്‍,സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളവ, 15 വര്‍ഷത്തിലധികം പഴക്കമുള്ളവ എന്നിവ പൊളിച്ചുകളയുന്നതിനും വ്യക്തികള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനും ഈതുക സര്‍ക്കാറുകള്‍ക്ക് ഉപയോഗപ്പെടുത്താം.