ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

കടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളം

തിരുവനന്തപുരം: കടമെടുക്കുന്നത് കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചതു കാരണം കേരളം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ. 10,000 കോടിയെങ്കിലും സ്വന്തമായി കണ്ടെത്തിയാലെ കഴിഞ്ഞ വർഷത്തെ നിലവാരത്തിലെങ്കിലും സാമ്പത്തിക വർഷാന്ത്യ ചെലവുകൾ നടത്താനാവൂ. ട്രഷറിയിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തേണ്ടിവരും.

ജനുവരി മുതൽ മാർച്ചുവരെ 12,516.14 കോടിരൂപ കടമെടുക്കാൻ അർഹതയുണ്ടെന്ന അപേക്ഷയാണ് കേരളം സമർപ്പിച്ചത്. ഇതനുസരിച്ചുള്ള ചെലവാണ് ആസൂത്രണം ചെയ്തത്. എന്നാൽ, കിഫ്ബിക്കും ക്ഷേമപെൻഷനും വേണ്ടി എടുത്തും വായ്പാ കണക്കിൽപ്പെടുത്തി 5944.67 കോടി കേന്ദ്രം വെട്ടിക്കുറച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

കേന്ദ്രത്തിന്റെ കണക്കിൽ മൂന്നുമാസത്തേക്ക്‌ ഇനി കേരളത്തിന് കടമെടുക്കാവുന്നത് 5636 കോടിയാണ്.

വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് പ്രോത്സാഹനമെന്ന നിലയിൽ ആഭ്യന്തരോത്പാദനത്തിന്റെ അരശതമാനം പ്രത്യേകമായി കടമെടുക്കാൻ അനുവദിക്കാറുണ്ട്. ഇത് 6000 കോടി വരുമെങ്കിലും മാർച്ചിലേ കിട്ടൂ. കഴിഞ്ഞവർഷം ഈ മൂന്നുമാസങ്ങളിലായി 23,000 കോടി കിട്ടിയിരുന്നു. ഈവർഷം പതിനായിരം കോടിയിലധികം കുറവ്.

പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഫെബ്രുവരിയിൽ ശമ്പളവിതരണം പോലും മുടങ്ങാനിടയുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു വർഷത്തിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകുന്നതുപോലും സർക്കാരിന് വെല്ലുവിളിയാണ്.

കിഫ്ബിക്കും ക്ഷേമപെൻഷൻ കമ്പനിക്കും എടുക്കുന്ന വായ്പകളെല്ലാം ബജറ്റിനു പുറത്തുള്ള വായ്പകളെന്നാണ് സിഎജിയുടെയും കേന്ദ്രത്തിന്റെയും നിലപാട്. ഇതിനെതിരേയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടെങ്കിലും തുടർ നടപടികളായിട്ടില്ല.

കിഫ്ബിക്കും ക്ഷേമപെൻഷനും എടുത്ത വായ്പയിൽ പ്രതിവർഷം 4700 കോടിരൂപ വായ്പാ പരിധിയിൽ കുറയ്ക്കുന്നുണ്ട്. അതിനുപുറമേയാണ് ഇത്തവണത്തെ കുറവ്.

ബജറ്റിനു പുറത്തുള്ള വായ്പയെ സംബന്ധിച്ച് കേരളത്തിന്റെ കണക്കിൽ അവ്യക്തതയുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. അതിനാൽ 2023-24-ലെ ഓഡിറ്റ് റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാണിച്ചതനുസരിച്ചുള്ള തുക സാമ്പത്തിക വർഷാവസാനം ഒറ്റയടിക്ക് കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്.

എന്തൊക്കെ വിശദീകരണം നൽകിയാലും പുതിയ കാരണങ്ങൾ കണ്ടെത്തി കടം കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് സംസ്ഥാനം ആരോപിക്കുന്നു.

തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമലാ സീതാരാമനെ സമീപിക്കാനൊരുങ്ങുകയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

X
Top