
ന്യൂഡൽഹി: ഇന്റർനെറ്റിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് വിവിധ സേവനങ്ങളും ഉൽപന്നങ്ങളും വിൽക്കുന്ന രീതി (ഡാർക് പാറ്റേൺ) അവസാനിപ്പിച്ചില്ലെങ്കിൽ ഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം.
ഇതുസംബന്ധിച്ച ചട്ടം 2023 ഡിസംബറിൽ വിജ്ഞാപനം ചെയ്തിരുന്നു. ഇത് പാലിക്കുന്നതുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് കമ്പനികൾ കേന്ദ്രത്തിനു നൽകണം. ചട്ടം നടപ്പാക്കാനായി ജോയിന്റ് വർക്കിങ് ഗ്രൂപ്പും രൂപീകരിക്കും. അൻപതിലേറെ ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ യോഗം കേന്ദ്രം വിളിച്ചു.
ഡാർക് പാറ്റേണുകളുടെ പേരിൽ 11 നോട്ടിസുകൾ നൽകിക്കഴിഞ്ഞു. ഇ–കൊമേഴ്സ് സൈറ്റുകളിലോ ടിക്കറ്റ് ബുക്കിങ് സൈറ്റുകളിലോ പരതുമ്പോൾ ‘ടിക്കറ്റ്‍/ഉൽപന്നം 2 എണ്ണം മാത്രമേ ബാക്കിയുള്ളൂ,
വേഗം ബുക്ക് ചെയ്യൂ’ എന്ന തരത്തിലുള്ള വ്യാജ അറിയിപ്പുകൾ ഡാർക് പാറ്റേണിന് ഉദാഹരണമാണ്. അനാവശ്യമായ തിടുക്കം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
നിശ്ചിത സേവനത്തിന് 30 ദിവസത്തെ സൗജന്യം ട്രയൽ നൽകുകയും അത് പെയ്ഡ് ആകുമ്പോൾ അറിയിക്കാതിരിക്കുകയും ചെയ്യുന്നതും ഡാർക് പാറ്റേണിൽ പെടും. ഉൽപന്നങ്ങൾ കാർട്ടിലേക്ക് ചേർക്കുമ്പോൾ ഉപയോക്താവിന്റെ അനുമതിയില്ലാതെ അനുബന്ധ ഉൽപന്നങ്ങൾ കമ്പനി തനിയെ ചേർക്കുന്ന രീതിയും ഇതിന്റെ പരിധിയിൽ വരും.
നിശ്ചിത സേവനം ലഭിക്കാൻ നിർബന്ധമായും സൈൻ അപ് ചെയ്യണമെന്ന വ്യവസ്ഥ, നിശ്ചിത സേവനത്തിന്റെ സബ്സ് ക്രിപ്ഷൻ അവസാനിപ്പിക്കൽ ബുദ്ധിമുട്ടേറിയതാക്കുക, പരസ്യം ചെയ്യുന്ന ഉൽപന്നത്തേക്കാൾ വില കുറഞ്ഞത് വിൽക്കുക, വാർത്തയെന്നു തോന്നിപ്പിക്കുന്ന പരസ്യങ്ങൾ, ഹിഡൻ ചാർജുകൾ തുടങ്ങിയവയൊക്കെ ഡാർക് പാറ്റേണുകളുടെ ഉദാഹരണമാണ്.