
ന്യൂഡൽഹി: വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വിമാന കമ്പനികള്‍ ഈടാക്കുന്ന പിഴത്തുക നിറുത്തലാക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാത്തതിനാല്‍ വിമാനക്കമ്പനികള്‍ തോന്നിയപടിയാണ് ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ ഈടാക്കുന്നത്. വ്യാപക പരാതിക്ക് ഇടയാക്കിയതോടെയാണ് ഇക്കാര്യത്തില്‍ കേന്ദ്രം പുനപരിശോധനക്ക് തയ്യാറായതെന്നും ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുക്ക് ചെയ്ത വിമാന ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വരുമ്പോള്‍ വിമാന കമ്പനികള്‍ ടിക്കറ്റ് വിലയോളം പോന്ന തുകയാണ് ക്യാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കുന്നത്. അടിസ്ഥാന നിരക്കിനൊപ്പം ഇന്ധന സര്‍ച്ചാര്‍ജും ചേര്‍ത്താണ് നഷ്ടപരിഹാരം ഈടാക്കുന്നത്.
5,000 രൂപക്ക് മുകളിലുള്ള ഡൊമസ്റ്റിക്ക് ടിക്കറ്റ് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറുകള്‍ക്ക് മുമ്പ് റദ്ദാക്കിയാല്‍ ഏകദേശം 4,000 രൂപയോളം ചാര്‍ജായി നല്‍കേണ്ടി വരും. റദ്ദാക്കല്‍ വൈകുന്തോറും പിഴത്തുകയും വര്‍ധിക്കും.
അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് 3,500 രൂപ മുതല്‍ 7,500 രൂപ വരെയാണ് പിഴത്തുകയായി ഈടാക്കുന്നത്. ടിക്കറ്റെടുക്കുമ്പോള്‍ അധിക തുക നല്‍കിയാല്‍ ഇത്തരം സാഹചര്യങ്ങളില്‍ മുഴുവന്‍ തുകയും തിരികെ നല്‍കുന്ന സംവിധാനവും മിക്ക വിമാനക്കമ്പനികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാത്തതിനാല്‍ ഈ മേഖലയില്‍ വലിയ ചൂഷണം നടക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതോടെ വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയിലുമെത്തി.
വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോഴുള്ള പിഴ ആനുപാതികമായിരിക്കണമെന്ന് പാര്‍ലമെന്ററി കാര്യ സമിതിയും സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. അടിസ്ഥാന നിരക്കിന്റെ 50 ശതമാനത്തിന് മുകളില്‍ പിഴ ഈടാക്കാന്‍ വിമാനക്കമ്പനികളെ അനുവദിക്കരുതെന്നും ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ (ഡി.ജി.സി.എ) നിരീക്ഷണം കര്‍ശനമാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിരുന്നു.
നിലവില്‍ ഇവ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്ല. എന്നാല്‍ ബുക്കിംഗ് സമയത്ത് തന്നെ ക്യാന്‍സലേഷന്‍ ചാര്‍ജുകളും കാണിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡി.ജി.സി.എ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അടിസ്ഥാന നിരക്കും ഇന്ധന സര്‍ച്ചാര്‍ജും ചേര്‍ന്നുള്ള തുകയേക്കാള്‍ കൂടുതല്‍ ഈടാക്കരുത്. കൂടാതെ ലെവികള്‍, യൂസര്‍ ഡവലപ്‌മെന്റ് ഫീസ്, എയര്‍പോര്‍ട്ട് ഡവലപ്‌മെന്റ് ഫീസ്, പാസഞ്ചര്‍ സര്‍വീസ് ഫീസ് തുടങ്ങിയ കൃത്യമായും റീഫണ്ട് ചെയ്യണമെന്നും ഡി.ജി.സി.എ സര്‍ക്കുലര്‍ പറയുന്നു.