
ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യയുടെ സമഗ്രമായ എണ്ണവും സാമൂഹിക-സാമ്പത്തിക വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന സെൻസസ് നടപടികള്‍ 2027 മാർച്ച് ഒന്ന് മുതല്‍ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായിരിക്കും സെൻസ്. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും സെൻസസ് നടപടികള്‍ നേരത്തെ ആരംഭിക്കും.
ഇവിടങ്ങളില്‍ 2026 ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഈ സംസ്ഥാനങ്ങളില്‍ മഞ്ഞുകാലമായിരിക്കുമെന്നതിനാലാണ് നേരത്തെ സെൻസസ് ആരംഭിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന സെൻസസില്‍ ജാതി, ഉപജാതി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടാകും.
2011-ലാണ് രാജ്യത്ത് അവസാനമായി സെൻസസ് നടത്തിയത്. രാജ്യത്ത് സാധാരയായി പത്ത് വർഷം കൂടുമ്പോള്‍ സെൻസസ് നടത്താറുണ്ടായിരുന്നു. ഇതനുസരിച്ച് 2021-ലായിരുന്നു സെൻസസ് നടത്തേണ്ടിയിരുന്നത്.
എന്നാല്‍ കോവിഡ് മഹാമാരിമൂലം നീട്ടിവെച്ച സെൻസസാണ് 2027-ല്‍ ആരംഭിക്കുന്നത്.