
ന്യൂഡല്‍ഹി: ഓഗസ്റ്റില്‍ കാര്‍ വില്‍പന ഇടിഞ്ഞു. സെപ്തംബര്‍ 22 ന് പുതിയ ജിഎസ്ടി (ചരക്ക്, സേവന നികുതി) നിരക്കുകള്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് പുതിയ കണക്കുകള്‍. ഇത് തുടര്‍ച്ചയായ നാലാം മാസമാണ് കാര്‍വില്‍പ്പന കുറയുന്നത്.
ജിഎസ്ടി പരിഷ്‌ക്കരണത്തിന്റെ ഫലമായി കാറുകളുടെ വിലകുറയുമെന്നും വില്‍പന വര്‍ദ്ധിക്കുമെന്നും കരുതുന്നു. നിരവധി കമ്പനികള്‍ ഇതിനോടകം കാറുകളുടെ വില കുറച്ചിട്ടുണ്ട്.
വ്യവസായ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം ഫാക്ടറികളില്‍ നിന്ന് ഡീലര്‍ഷിപ്പുകളിലേക്ക് 321,840 യൂണിറ്റുകളാണ് അയച്ചത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 352921 യൂണിറ്റുകള്‍ വില്‍പന നടത്തിയിരുന്നു. 8.8 ശതമാനത്തിന്റെ കുറവ്.
മുച്ചക്രവാഹനങ്ങളുടേയും ഇരു ചക്രവാഹനങ്ങളുടേയും വില്‍പന യഥാക്രമം 8.3 ശതമാനവും 7.1 ശതമാനവുമുയര്‍ന്നിട്ടുണ്ട്. യഥാക്രമം 75759 യൂണിറ്റുകളും 1833,921 യൂണിറ്റുകളുമാണ് വില്‍പന നടത്തിയത്. ഇരു ചക്രവാഹനങ്ങളില്‍ സ്‌ക്കൂട്ടറുകളുടെ എണ്ണം 12.7 ശതമാനം വര്‍ദ്ധിച്ച് 683,397 യൂണിറ്റുകളും മോട്ടോര്‍സൈക്കിളുകളുടെ എണ്ണം 4.3 ശതമാനം ഉയര്‍ന്ന് 1,106,638 യൂണിറ്റുകളുമായപ്പോള്‍ മൊപ്പേഡുകളുടെ എണ്ണം 1.5 ശതമാനം ഇടിഞ്ഞ് 43886 യൂണിറ്റുകള്‍.