എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

വമ്പൻ ‘ഡീലുമായി’കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്

ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെ ഇന്ത്യയുമായി കൂടുതൽ അടുക്കാൻ കാനഡയും. മാർച്ച് ആദ്യവാരം കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി ഇന്ത്യ സന്ദർശിച്ചേക്കും. യുറേനിയം, ഊർജം, മിനറൽസ്, ആർട്ടിഫിഷ്യൽ‌ ഇന്‍റലിജൻസ് എന്നീ മേഖലയിൽ ഇന്ത്യയുമായി കരാറൊപ്പിടുമെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമിഷണർ ദിനേശ് പട്‍നായിക് പറഞ്ഞു.

യുഎസുമായി ഏറെക്കാലത്തെ വ്യാപാര ബന്ധമുള്ള രാജ്യമാണ് കാനഡ. അടുത്ത കാലത്തായി ഇരുരാജ്യങ്ങളും അത്ര സുഖത്തിലല്ല. യുഎസിന് പുറത്ത് വ്യാപാര പങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കാനഡ. നിലവിലുള്ള ലോകക്രമത്തിന് ബദലായി കാനഡ പോലുള്ള മധ്യനിര ശക്തികൾ ഒന്നിക്കണമെന്നും അടുത്തിടെ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ കാർണി ആഹ്വാനം ചെയ്തിരുന്നു. യുഎസിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു കാർണിയുടെ പരാമർശം.

ചൈനയുമായി വ്യാപാര ബന്ധം സ്ഥാപിച്ചാൽ കാനഡയ്ക്ക് മേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണിത്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കുറഞ്ഞ തീരുവയിൽ ഇറക്കുമതി അനുമതി നൽകിയതാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് വിവരം. എന്നാൽ അടുത്ത പത്തുവർഷത്തിനിടെ യുഎസിന് പുറത്തുള്ള വ്യാപാരം ഇരട്ടിയാക്കാനാണ് കാർണിയുടെ ശ്രമം.

പുതിയ ബന്ധം
ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം അത്ര മികച്ചതായിരുന്നില്ല. 2023ൽ സിഖ് വിമത നേതാവിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ട്രൂഡോ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം തെറ്റാണെന്നായിരുന്നു

ഇന്ത്യയുടെ നിലപാട്. പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും വഷളായി. കാർണി സ്ഥാനമേറ്റെടുത്തതോടെ സാഹചര്യം മാറി. കഴിഞ്ഞ വർഷം കാർണിയുടെ ക്ഷണം സ്വീകരിച്ച് ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. കാനഡയിലെ മന്ത്രിമാർ ഇന്ത്യയിലേക്കും വന്നു.

കനേഡിയൻ ഊർജ വകുപ്പ് മന്ത്രി ടിം ഹോഗ്‍സൺ അടുത്ത ദിവസങ്ങളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഗോവയിലെത്തുന്നുണ്ട്. വിവിധ മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും കാർണിയുടെ ഇന്ത്യ സന്ദർശനത്തിൽ അന്തിമ തീരുമാനമാകുന്നത്.

ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര കരാറിലെ ചർച്ചകൾ മാർച്ചിൽ ആരംഭിക്കുമെന്നും ദിനേശ് പട്‍നായിക് പറഞ്ഞു. ആണവോർജം, ഓയിൽ ആൻഡ് ഗ്യാസ്, പരിസ്ഥിതി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ക്വാണ്ടം കംപ്യൂടിങ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചെറുകരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പിടും.

10 വര്‍ഷത്തേക്ക് യുറേനിയം വിതരണം ചെയ്യാനുള്ള 2.8 ബില്യൻ കനേഡിയൻ ഡോളറിന്‍റെ കരാറും ഒപ്പിടുമെന്നാണ് സൂചന. ഇന്ത്യയുടെ സമാധാന ആവശ്യങ്ങൾക്ക് വേണ്ടി യുറേനിയം വിതരണം ചെയ്യാൻ തയാറാണെന്നാണ് കാനഡയുടെ നിലപാട്.

രണ്ട് വർഷമായി ഇഴ‍ഞ്ഞു നീങ്ങിയിരുന്ന ചർച്ചകൾ ട്രംപിന്‍റെ തീരുവ ഭീഷണിക്കിടയിലാണ് ഇന്ത്യയും കാനഡയും വേഗത്തിലാക്കിയതെന്നും ശ്രദ്ധേയം. ഔദ്യോഗിക ചര്‍ച്ചകൾ തുടങ്ങിയാൽ ഒരു വർഷത്തിനുള്ളിൽ കാനഡയുമായി വ്യാപാര കരാറിലെത്താനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

ഇതിനായി കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും നിർമലാ സീതാരാമനും അധികം വൈകാതെ കാനഡ സന്ദർശിച്ചേക്കുമെന്നും റിപ്പോർ‍ട്ടുകൾ തുടരുന്നു.

X
Top