
തിരുവനന്തപുരം: സംസ്ഥാനത്ത് ഐടിയിലും അനുബന്ധ മേഖലകളിലുമായി അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്ന ഐടി നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ പത്തു ശതമാനം വിഹിതമെങ്കിലും നേടുകയാണു ലക്ഷ്യം.
സൈബർ സുരക്ഷയ്ക്കായി പ്രത്യേക നിയമ നിർമാണം നടത്തും. ബഹിരാകാശം, ശൂന്യാകാശം, പ്രതിരോധം, ഇലക്‌ട്രോണിക്സ്, നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിംഗ്, ജിനോമിക്സ് തുടങ്ങിയ മേഖലകളിൽ 5-10 ശതമാനം വിഹിതം സംസ്ഥാനം നേടും.
ബഹിരാകാശ സാങ്കേതികമേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ, പുതിയ ഐടി പാർക്കുകൾക്കായി ലാൻഡ് പൂളിംഗ്, സ്റ്റാർട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയർത്തൽ, ഫൈബർ ഒപ്റ്റിക് കണക്ടിവിറ്റി ഉറപ്പാക്കി എല്ലാ വീടുകളിലും ഇന്‍റർനെറ്റ് ലഭ്യത എന്നിവയും നയം ലക്ഷ്യമിടുന്നു. പൗരൻ, ഉപഭോക്താവ്, തൊഴിലുടമ, ജീവനക്കാർ എന്നിവരുടെ ഡാറ്റ സ്വകാര്യത ഉറപ്പാക്കാൻ നിയമചട്ടക്കൂട്.
സ്റ്റാർട്ടപ്പുകൾക്കായി കോ-വർക്കിംഗ് അടിസ്ഥാനസൗകര്യം, ഏഞ്ചൽ നെറ്റ്‌വർക്കുകൾ, മൈക്രോ വെഞ്ച്വർ ക്യാപിറ്റൽ (വിസി) ട്രാൻസ്‌ലേഷൻ സെന്‍ററുകൾ എന്നിവ രൂപീകരിക്കും.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയായും ഇന്നൊവേഷൻ ഹബ്ബായും കേരളത്തെ മാറ്റാൻ സാങ്കേതികവിദ്യാ മിഷനുകളും നയം ലക്ഷ്യമിടുന്നുണ്ട്. സാങ്കേതികവിദ്യാ മേഖലയിൽ ലോകോത്തര നിലവാരത്തിലുള്ള മത്സരശേഷി വികസിപ്പിക്കാൻ മിഷനുകൾക്ക് ഊന്നൽ നൽകും. കേരള ഇലക്ട്രോണിക്സ് ആൻഡ് സെമികണ്ടക്ടർ മിഷൻ, കേരള എഐ മിഷൻ, ഫ്യൂച്ചർ ടെക് മിഷൻ എന്നിവയാണ് പുതുതായി രൂപീകരിക്കുക.
വിവിധ ബിസിനസ് യൂണിറ്റുകൾക്കായി പൊതു അടിസ്ഥാനസൗകര്യം, ഡിജിറ്റൽ ഉപകരണങ്ങളുടെ പൊതുശേഖരം, ബിസിനസ് അനലിറ്റിക്സ് സൊല്യൂഷൻ, ബുദ്ധിപരമായ കഴിവുകളുള്ള അഗ്രഗേഷൻ പ്ലാറ്റ്ഫോം, സുരക്ഷിതവും സബ്സിഡിയുള്ളതുമായ ക്ലൗഡ് സ്പേസ് തുടങ്ങിയവയ്ക്കായി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മിഷനും നയത്തിൽ നിർദേശിക്കുന്നു.






