മധ്യേഷ്യയിലെ യുദ്ധത്തിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽഎൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക

സൂപ്പർ ചാര്‍ജിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ബിവൈഡി

വൈദ്യുത വാഹന രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന ചാര്‍ജിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി. അടുത്തിടെ അവതരിപ്പിച്ച സൂപ്പര്‍ ഇ പ്ലാറ്റ്‌ഫോം എന്ന ചാര്‍ജിങ് സംവിധാനം വഴി വെറും അഞ്ചു മിനുറ്റ് ചാര്‍ജിങിലൂടെ 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ വാഹനങ്ങള്‍ക്ക് സാധിക്കും. ഇതോടെ ചാര്‍ജിങിനായി ഒരുപാടു സമയം കാത്തു നില്‍ക്കണമെന്ന അവസ്ഥയും ചാര്‍ജ് തീര്‍ന്നു പോകുമെന്ന ആശങ്കയും ഒരുപോലെ പരിഹരിക്കപ്പെടും.

ചാര്‍ജ് തീരുമെന്ന ആശങ്കയും ചാര്‍ജിങിനായി ഒരുപാടു സമയം ചിലവഴിക്കേണ്ടി വരുമെന്നതുമാണ് ഇന്നും പലരേയും വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതില്‍ നിന്നും പിന്നോട്ടു വലിക്കുന്നത്. ജനകീയ മോഡലുകളായി മാറാന്‍ ഇവികള്‍ക്കു മുന്നില്‍ നില്‍ക്കുന്ന പ്രധാന തടസവും ഇതാണ്.

പുതിയ ചാര്‍ജിങ് സാങ്കേതികവിദ്യ നടപ്പിലായാല്‍ പെട്രോള്‍ അടിക്കുന്ന സമയത്തിനുള്ളില്‍ ആവശ്യത്തിന് കിലോമീറ്ററിന്റെ ചാര്‍ജ് ഉറപ്പിക്കാന്‍ ഇവികള്‍ക്ക് സാധിക്കും.

ബിവൈഡി പുതുതായി വികസിപ്പിച്ചെടുത്ത 1000v ഇലക്ട്രിക്കല്‍ ആര്‍ക്കിടെക്ച്ചറും അതിന്റെ ഫ്‌ളാഷ് ചാര്‍ജിങ് ബാറ്ററിയുമാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ഭാഗങ്ങള്‍. സാധാരണ ഇലക്ട്രിക്ക് വാഹനങ്ങളില്‍ ഉള്ളതിനേക്കാള്‍ വളരെയേറെ ഉയര്‍ന്ന വോള്‍ട്ടേജിലും പവറിലുമാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

പുതിയ സംവിധാനം 1000A വരെയുള്ള ചാര്‍ജിങ് കറന്റിനെ പിന്തുണക്കുകയും 1000kW അഥവാ ഒരു മെഗാവാട്ട് എന്ന ഉയര്‍ന്ന ചാര്‍ജിങ് പവറില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇത്രയേറെ ഊര്‍ജ്ജം കൈകാര്യം ചെയ്യുമ്പോള്‍ ബാറ്ററി അമിതമായി ചൂടാവുന്നത് തടയാനായി ബാറ്ററിക്കുള്ളിലെ പോസിറ്റീവ് ഇലക്ട്രോഡില്‍ നിന്ന് നെറ്റീവ് ഇലക്ട്രോഡിലേക്ക് അതിവേഗം അയോണുകള്‍ക്ക് സഞ്ചരിക്കാനാവുന്ന അള്‍ട്രാ ക്വിക്ക് അയണ്‍ ചാനലുകളും ബിവൈഡി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

പുതിയ സംവിധാനത്തിന്റെ പ്രത്യേക രൂപകല്‍പന വഴി ബാറ്ററിയുടെ ആന്തരിക വൈദ്യുത പ്രതിരോധം 50 ശതമാനം കണ്ട് കുറക്കാന്‍ സാധിക്കുന്നുണ്ട്. അതേസമയം ബാറ്ററിക്ക് റെക്കോഡ് വേഗതയില്‍ വന്‍തോതിലുള്ള ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ കഴിയുകയും ആന്തരികമായുണ്ടാവുന്ന ചൂട് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുകയും ചെയ്യുന്നു.

വിപണിയില്‍ നിലവില്‍ ലഭ്യമായ പ്രീമിയം ഇവികളില്‍ പോലും 800V ചാര്‍ജിങ് ആര്‍ക്കിടെക്ച്ചറും പരമാവധി 250kW-350kW പീക്ക് ചാര്‍ജിങ് പവറുമാണുള്ളത്. ടെസ്‌ലയുടെ അത്യാധുനിക വി4 സൂപ്പര്‍ചാര്‍ജറുകള്‍ പോലും 500kW വരെയാണ് പീക്ക് ചാര്‍ജിങ് പവര്‍ പുറത്തെടുക്കുക. ഇത് പുതിയ ബിവൈഡി പ്ലാറ്റ്‌ഫോമിന്റെ പകുതി ശക്തി മാത്രമാണ്.

നിലവിലെ അതിവേഗ ചാര്‍ജറുകള്‍ ഉപയോഗിച്ച് അഞ്ച് മിനുറ്റ് ചാര്‍ജ് ചെയ്താല്‍ ഏകദേശം 160 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമ്പോള്‍ ബിവൈഡിയുടെ പുതിയ സംവിധാനം വഴി ഇരട്ടിയിലധികം റേഞ്ച് ലഭിക്കും.

പ്രൊഡക്ഷന്‍ കാറുകളിലേക്ക് ഈ സാങ്കേതികവിദ്യ ബിവൈഡി ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബിവൈഡിയുടെ പുതിയ ടാങ് എല്‍ എസ്‌യുവിയില്‍ പുതിയ 1000V ആര്‍ക്കിടെക്ച്ചര്‍ ഉപയോഗിക്കും. ഉയര്‍ന്ന അളവിലുള്ള വൈദ്യുതി സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ആധുനിക ലിക്വിഡ് കൂള്‍ഡ് മെഗാവാട്ട് ഫ്‌ളാഷ് ചാര്‍ജിങ് ടെര്‍മിനലും പുതു തുലമുറ സിലിക്കണ്‍ കാര്‍ബൈഡ് പവര്‍ ചിപ്പുകളും ബിവൈഡിയുടെ പുതിയ സംവിധാനം ഉപയോഗിക്കും.

വാഹനത്തിന്റെ പവറും ഡ്രൈവിങിലെ കാര്യക്ഷമതയും വര്‍ധിപ്പിക്കാനായി 30,000 ആര്‍പിഎം വേഗതയുള്ള അതിവേഗ ഇലക്ട്രിക്ക് മോട്ടോറും ഇതിനൊപ്പം ബിവൈഡി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതിവേഗം ചാര്‍ജ് ചെയ്യാനാവുന്ന കാര്‍ നിര്‍മിച്ചതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ല. ഒരു മെഗാവാട്ട് ലോഡ് തുടര്‍ച്ചയായി നല്‍കാനാവുന്ന ചാര്‍ജിങ് സ്‌റ്റേഷനുകളും ആവശ്യമാണ്. ഇത്ര വലിയ വൈദ്യുത പ്രവാഹം നടക്കുമ്പോഴും ചാര്‍ജിങ് കേബിള്‍ ചൂടാകാതെയും സുരക്ഷിതമായും സാധാരണ ഉപഭോക്താക്കള്‍ക്കും കൈകാര്യം ചെയ്യാനാവുന്ന രീതിയിലേക്ക് മാറ്റുകയെന്നതും വെല്ലുവിളികളാണ്.

ഒരു കാറിലേക്ക് മാത്രം 1000 കിലോവാട്ട് വൈദ്യുതി ചാര്‍ജിങിലൂടെ പ്രവഹിക്കുമ്പോള്‍ അത് താങ്ങാന്‍ മാത്രം പ്രാദേശിക ഇലക്ട്രിക്കല്‍ ഗ്രിഡിന് മികവ് വേണമെന്നതും വെല്ലുവിളിയാണ്. പുതിയ ചാര്‍ജിങ് സംവിധാനങ്ങളുള്ളവാഹനങ്ങളെ പിന്തുണക്കുന്നതിനു വേണ്ടി ചൈനയില്‍ 4000ത്തിലേറെ അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും ആദ്യഘട്ടത്തില്‍ ബിവൈഡിക്ക് പദ്ധതിയുണ്ട്.

X
Top