
കൊച്ചി: ബിഎസ്എൻഎലിന് കേരളത്തിലാകെ ഫ്രീഡം പ്രീപെയ്ഡ് പദ്ധതിയുടെ ഭാഗമായി ഇതുവരെ ലഭിച്ചത് 82,839 പുതിയ കണക്ഷൻ. പുതിയ പ്രീപെയ്ഡ് കണക്ഷനുകളും മറ്റു സേവന ദാതാക്കളിൽ നിന്നു നമ്പർ പോർട്ട് ചെയ്തതും ചേർത്ത് കഴിഞ്ഞ 20 ദിവസത്തെ കണക്കാണിത്. പുതിയ വരിക്കാരെ ആകർഷിക്കുന്നതിന് ആരംഭിച്ചതാണ് ഫ്രീഡം പ്രീപെയ്ഡ് പദ്ധതി.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം ഒന്നിന് ആരംഭിച്ച ഫ്രീഡം പ്ലാനിൽ ഒരു രൂപയ്ക്ക് പുതിയ മൊബൈൽ കണക്ഷനും 30 ദിവസത്തേക്ക് പരിധിയില്ലാത്ത കോളുകളും പ്രതിദിനം 2 ജിബി ഡേറ്റയും 100 എസ്എംഎസും ആണ് ലഭിക്കുക. ഈ മാസം 31 വരെ പ്ലാൻ ലഭ്യമാണ്. തിരുവനന്തപുരത്തു മാത്രം 13,719 കണക്ഷനാണ് ലഭിച്ചത്. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി, തദ്ദേശീയമായി വികസിപ്പിച്ച 4ജി 5ജി സാങ്കേതികവിദ്യ ലഭ്യമാക്കുന്നതാണ് ബിഎസ്എൻ.എൽ പ്ലാൻ.
പരമാവധി സിമ്മുകൾ നൽകുന്നതിന് പ്രധാനപ്പെട്ട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു മേളകൾ സംഘടിപ്പിക്കുന്നുണ്ട്. ബിഎസ്എൻഎൽ ഓഫിസുകളിലും കസ്റ്റമർ കെയർ കേന്ദ്രങ്ങളിലും റീട്ടെയ്ൽ ഔട്ലറ്റുകളിലും ഫ്രീഡം പ്ലാൻ സിമ്മുകൾ ലഭിക്കുമെന്നും പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് പറഞ്ഞു.