
കൊച്ചി: 2040-ഓടെ നെറ്റ് സീറോ എനർജി കമ്പനിയായി ഉയരാൻ ലക്ഷ്യമിട്ട് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). 1966-ൽ ഫിലിപ്സ് പെട്രോളിയത്തിന്റെ സഹകരണത്തോടെ കൊച്ചിൻ റിഫൈനറീസ് ലിമിറ്റഡായി പ്രവർത്തനം ആരംഭിച്ച റിഫൈനറി 60-ാം വാർഷികം ആഘോഷിച്ചു. പ്രതിദിനം 50,000 ബാരൽ ഉത്പാദന ശേഷിയുമായാണ് കൊച്ചിൻ റിഫൈനറി പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 1.55 കോടി മെട്രിക് ടൺ വാർഷിക ശേഷിയോടെ, രാജ്യത്തെ ഊർജ രംഗത്ത് അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് കൊച്ചിൻ റിഫൈനറി.
ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് പെട്രോളിയം- പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി ദീപം തെളിച്ചു. റിഫൈനറി എണ്ണ-വാതക സ്ഥാപനത്തിന് അതീതമായി വിശ്വാസത്തിന്റെ പ്രതീകമായി വളർന്നുവെന്നും കേരളത്തിന്റെ സാമ്പത്തിക സ്വയംപര്യാപ്തിക്കും ഊർജ സുരക്ഷയ്ക്കും തൊഴിൽ സൃഷ്ടിക്കും നിർണായ പങ്കാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. റിഫൈനറിയുടെ എനർജി ഇൻഡെൻസിറ്റി ഇൻഡക്സ് മെച്ചപ്പെടുത്തിയതും അസംസ്കൃത ജല ഉപഭോഗം 20–25% വരെ കുറച്ചതുമെല്ലാം മികച്ച നീക്കങ്ങളായിരുന്നുവെന്ന് ബിപിസിഎൽ ചെയർമാനും ഡയറക്ടറുമായ സഞ്ജയ് ഖന്ന ചൂണ്ടിക്കാമിച്ചു. എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുളള വെളളത്തിന്റെ പരമാവധി പുനരുപയോഗവും, ആർഒടിഎം പ്ലാന്റ്, കൂളിംഗ് ടവർ ഒപ്റ്റിമൈസേഷൻ തുടങ്ങിയവയിലൂടെ ജല സംരക്ഷണം സാധ്യമാക്കിയതായും അദ്ദേഹം അറിയിച്ചു.ബിസിനസിന് പുറമെ, വിദ്യാഭ്യാസം, ജല സംരക്ഷണം, ആരോഗ്യ സംരക്ഷണം, കമ്മ്യൂണിറ്റി വികസനം തുടങ്ങി സാമൂഹിക ഉത്തരവാദിത്വ പദ്ധതികളിലും കമ്പനി സജീവമാണ്.