
ന്യൂഡൽഹി: പാകിസ്താനില്‍നിന്ന് നേരിട്ടല്ലാതെ ഇന്ത്യയിലേക്ക് പണം എത്താന്‍ സാധ്യതയുണ്ടെന്നും ഇത്തരം ഇടപാടുകള്‍ കണ്ടെത്താന്‍ സൂക്ഷ്മപരിശോധന കര്‍ശനമാക്കണമെന്നും റിസര്‍വ് ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
ആയുധങ്ങള്‍ വാങ്ങാന്‍ ഇത്തരം പണം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ഉയര്‍ന്ന അപകടസാധ്യത ആണെന്നും ആര്‍.ബി.ഐ അയച്ച കത്തില്‍ പറയുന്നു. നേരിട്ടുള്ള പണമിടപാടുകള്‍ക്ക് ആര്‍.ബി.ഐയുടെ പ്രത്യേക അനുമതി ആവശ്യമാണ്.
ഈ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് എത്തുന്ന പണത്തിന്മേലാണ് ഇപ്പോള്‍ പരിശോധന കര്‍ശനമാക്കുന്നത്. മെയ് മാസത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന സൈനിക സംഘര്‍ഷത്തിന് ശേഷം നടന്ന അന്വേഷണങ്ങളെ തുടര്‍ന്നാണ് ഈ നിര്‍ദേശം നല്‍കിയത്.
ആയുധ ഇടപാടുകള്‍ക്ക് പണം നല്‍കുന്നതിന് പാകിസ്താന്‍ ശ്രമിച്ചേക്കാമെന്ന്് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ നടത്തിയ കണ്ടെത്തലുകളും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ കത്തില്‍ പറയുന്നില്ല.
ചില പാകിസ്താന്‍ പൗരന്മാര്‍ മറ്റ് രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് പണം അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ആയുധ ഇടപാടുകള്‍ക്കും പണം എത്തുന്നത് ഒഴിവാക്കാനും ബാങ്കുകള്‍ക്ക് പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ പാകിസ്താനെ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടുള്ള ഇത്തരമൊരു നിര്‍ദേശം അപൂര്‍വമാണ്.
ആഗോളതലത്തിലുള്ള സാമ്പത്തിക ഉപരോധങ്ങളും നിയമങ്ങളും പാകിസ്താന്‍ ലംഘിച്ച ചില സംഭവങ്ങളും ആര്‍.ബി.ഐയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്ലോബല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരീക്ഷകരായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) 2025 ജൂണില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടനുസരിച്ച്, പാകിസ്താന്റെ സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഡെവലപ്മെന്റ് കോംപ്ലക്‌സ്, മിസൈല്‍ നിര്‍മ്മാണത്തിനുള്ള സാധനങ്ങള്‍ പ്രഖ്യാപിക്കാതെ ഇറക്കുമതി ചെയ്ത് ഉപരോധങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചതായി പറയുന്നു.