
തിരുവനന്തപുരം: കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും തോന്നയ്‌ക്കൽ ബയോലൈഫ് സയന്‍സസ് പാര്‍ക്കും ചേർന്ന് നടത്തിയ ബയോ കണക്‌ട് അന്താരാഷ്‌ട്ര കോൺക്ലേവിൽ ആദ്യ ദിനം സമാഹരിച്ചത് 183.45 കോടി രൂപയുടെ നിക്ഷേപം. ത്രിത ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്, ബയോക്വാട്ടിക്‌സ് സൊല്യൂഷന്‍സ്, കെംറോ ടെക് പ്രൈവറ്റ് ലിമിറ്റഡ്, അവെസ്‌താജെന്‍ ലിമിറ്റഡ്, ബയോടെക് ഗ്ലോബല്‍ സൊല്യൂഷന്‍സ്, ലിവിഡസ് ഹെല്‍ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ക്രിസ്റ്റല്‍ പോ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപത്തിനുള്ള താത്പര്യ പത്രം കൈമാറിയത്.
രോഗ നിര്‍ണയത്തിനായി കുറഞ്ഞ ചിലവില്‍ ഉപയോഗിക്കാവുന്ന പോയന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് ഉപകരണങ്ങളുടെ നിര്‍മാണം, ഡിഎന്‍എ അടിസ്ഥാനമാക്കി വളരെ വേഗത്തില്‍ രോഗാണുക്കളെ തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍, കോഴി വളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍, മത്സ്യക്കൃഷി തുടങ്ങിയ മേഖലകള്‍ക്ക് വേണ്ടി ആല്‍ഗകളില്‍ നിന്നും ഒമേഗ 3-യുടെയും ഒമേഗ 6-ന്റെയും ഉത്പാദനം, പുതുതലമുറ രോഗ നിര്‍ണയ കിറ്റുകള്‍, നിര്‍മിത ബുദ്ധി അധിഷ്ഠിതമായ പോയ്ന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് ഉപാധികളുടെ നിര്‍മാണം, മറ്റു മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് നിക്ഷേപം നടത്താൻ മുന്നോട്ട് വന്നിരിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ലൈഫ് സയൻസ് ആൻഡ് ബയോടെക്നോളജി കോൺക്ലേവാണിതെന്ന് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത മന്ത്രി പി രാജീവ് പറഞ്ഞു. കോവളം ലീല ഹോട്ടലില്‍ നടത്തിയ ദ്വിദിന കോൺക്ലേവിൽ കേംബ്രിഡ്ജ് ഇന്നൊവേഷന്‍ സെന്റര്‍ സിഇഒയും ലാബ് സെന്‍ട്രല്‍ സഹ സ്ഥാപകനുമായ ടിം റോവ് മുഖ്യാഥിതിയായി.ബയോടെക് മേഖലയിലെ വ്യവസായ പ്രമുഖര്‍, അന്താരാഷ്ട്ര തലത്തിൽ നിന്നുൾപ്പെടെയുള്ള സംരംഭകര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, ഗവേഷകര്‍, യുവ പ്രൊഫഷണലുകള്‍ തുടങ്ങി 750-ൽ അധികം പ്രതിനിധികൾ പങ്കെടുക്കുത്തു. രണ്ട് വർഷം മുൻപ് ആദ്യമായി നടത്തിയ ബയോ കണക്റ്റ് 1.0 കോൺക്ലേവിൽ പങ്കെടുത്തതിൻ്റെ മൂന്നിരട്ടി നിക്ഷേപകരാണ് ഈ വർഷം പങ്കെടുത്തത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നടത്തിയ ബയോ കണക്ട് കോൺക്ലേവുകളിലൂടെ സംസ്ഥാനത്തിന്റെ മുൻഗണനാ മേഖല കൂടിയായ ലൈഫ് സയൻസ് ആൻഡ് ബയോ ടെക്നോളജി രംഗത്ത് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. അതിനൂതന വ്യവസായങ്ങളിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന ബയോ ടെക്‌നോളജി, ലൈഫ് സയന്‍സ്, മെഡിക്കല്‍ ഡിവൈസസ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങളാകർഷിക്കുന്നതിനും കോൺക്ലേവ് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബയോ കണക്‌ടിന്റെ ആദ്യ രണ്ട് എഡിഷനുകള്‍ക്ക് ശേഷം ലൈഫ് സയന്‍സസ് പാര്‍ക്കില്‍ 180 കോടിയുടെ നിക്ഷേപവും 1,000 തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെട്ടിരുന്നു.