
കൊച്ചി: ആഴക്കടലില്‍നിന്ന് മീൻ പിടിക്കാൻ വൻകിട കമ്പനികളുടെ യാനങ്ങള്‍ വരുന്നു. കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കണോമി നയത്തിന്റെ തുടർച്ചയായി, ആഴക്കടലിലെ മത്സ്യസമ്പത്ത് വ്യാവസായികാടിസ്ഥാനത്തില്‍ പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി.
ഇതിനു മുന്നോടിയായി ഈ രംഗത്തെ സംരംഭകരുടെ യോഗം കഴിഞ്ഞദിവസം കേന്ദ്ര ഫിഷറീസ് മന്ത്രാലയം വിളിച്ചുചേർത്തിരുന്നു. ആഴക്കടലിലെ മത്സ്യശേഖരം വേണ്ടത്ര പിടിച്ചെടുക്കാൻ ഇപ്പോള്‍ കഴിയുന്നില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തല്‍.
രാജ്യത്തെ തന്നെ വലിയ കമ്ബനികള്‍ക്ക് ഇതിനുള്ള അവസരം നല്‍കാനാണ് തീരുമാനം. 50 മീറ്റർ വരെ നീളമുള്ള യാനങ്ങള്‍ ഇതിനായി ഉപയോഗിക്കാമെന്നാണ് നിർദേശം. ഇപ്പോള്‍ ഈ മേഖലയില്‍ പ്രവർത്തിക്കുന്ന യാനങ്ങള്‍ക്കെല്ലാം 24 മീറ്ററില്‍ താഴെയാണ് നീളം.
പുതിയ സാഹചര്യത്തില്‍ മീൻപിടിത്തത്തിന് കപ്പലുകള്‍ ഉപയോഗിക്കാനാകും. ഈ ആവശ്യത്തിനുവേണ്ടി യാനങ്ങള്‍ നിർമിക്കുന്നതിന് 50 ശതമാനം വരെ സബ്സിഡി നല്‍കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ചെറുകിട ബോട്ടുകള്‍ക്ക് തിരിച്ചടി
വൻകിട കമ്ബനികള്‍ മീൻപിടിത്ത മേഖലയിലേക്ക് കടന്നുവരുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ചെറുകിട ബോട്ടുകള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുണ്ട്. കടലില്‍ 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലകളില്‍ മീൻ പിടിക്കാനാണ് കമ്ബനികളെ അനുവദിക്കുന്നത്.
അതേ ഇടങ്ങളില്‍ തന്നെയാണ് നിലവില്‍ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നുള്ള ചെറുകിട ബോട്ടുകള്‍ മീൻപിടിക്കുന്നത്.
ഒൻപത് ഇനം ട്യൂണകള്‍, മോത, ഓലക്കൊടി, മുറപ്പടവൻ, ഗില്‍ഫിഷ്, ടെയ്ല്‍ ഫിഷ് തുടങ്ങി കയറ്റുമതി പ്രാധാന്യമുള്ള മീനുകള്‍ ചെറുകിട ബോട്ടുകള്‍ പിടിക്കുന്നത് ഈ മേഖലയില്‍നിന്നാണ്. തുത്തൂർ സ്വദേശികളായ തൊഴിലാളികള്‍ ഈ തൊഴിലില്‍ പ്രാവീണ്യമുള്ളവരാണ്. കൊച്ചി കേന്ദ്രീകരിച്ചാണ് അവർ പ്രവർത്തിക്കുന്നത്.
സംസ്ഥാനത്തിനും നഷ്ടം
രാജ്യത്തിന്റെ കടലില്‍ വിദേശ കപ്പലുകള്‍ മീൻ പിടിക്കുന്നതിനെ നേരത്തേതന്നെ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ എതിർത്തിരുന്നു. ഒടുവില്‍ കേന്ദ്ര സർക്കാരും അത് വിലക്കി. ഇപ്പോള്‍, രാജ്യത്തെ തന്നെ കപ്പലുകള്‍ക്ക് മീൻപിടിക്കാൻ അവസരമൊരുക്കുകയാണ്.
കമ്ബനികളുടെ യാനങ്ങള്‍ മീൻപിടിക്കാനിറങ്ങുമ്ബോള്‍, ചെറുകിട ബോട്ടുകള്‍ക്ക് മത്സ്യലഭ്യത കുറയും. വലിയ തോതില്‍ മത്സ്യനാശവുമുണ്ടാകും.
പിടിച്ചെടുക്കുന്ന മത്സ്യം കേരളത്തിലേക്കുതന്നെ കൊണ്ടുവരണമെന്നില്ല. അത് കടലില്‍െവച്ചുതന്നെ പുറത്തുനിന്നുവരുന്ന കപ്പലുകള്‍ക്ക് കൈമാറാൻ കഴിയും. മത്സ്യസമ്ബത്ത് കേരളത്തെ തൊടാതെ മറ്റ് സ്ഥലങ്ങളിലേക്ക് പോകാനും സാധ്യതയുണ്ട്.
ഇത് കേരളത്തിന്റെ മത്സ്യവ്യവസായ മേഖലയ്ക്കും കയറ്റുമതി രംഗത്തിനും തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.






