പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

എത്തുന്നു ഭാരത് എന്‍സിഎപി 2.0; ഇനി ഇടി പരീക്ഷയിൽ ഫുൾ മാർക്ക് എളുപ്പമല്ല

ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിന്റെ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. അടുത്തഘട്ടം ഭാരത് എന്‍സിഎപി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാതാ മന്ത്രാലയം ആരംഭിച്ചു. ഭാരത് എന്‍സിഎപി 2.0 എന്നു പേരിട്ടിരിക്കുന്ന പുതിയ ക്രാഷ് ടെസ്റ്റില്‍ യാത്രികരുടെ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണുള്ളത്. നിലവില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷയെ അടിസ്ഥാനമാക്കിയാണ് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റെങ്കില്‍ അടുത്തഘട്ടത്തില്‍ പ്രധാനമായും അഞ്ചാക്കി തിരിച്ചായിരിക്കും ക്രാഷ് ടെസ്റ്റ് നടത്തുക.

ഭാരത് എന്‍സിഎപി 2.0
പ്രധാനമായും അഞ്ചാക്കി തിരിച്ചായിരിക്കും ഭാരത് എന്‍സിഎപി 2.0 ക്രാഷ് ടെസ്റ്റിലെ പോയിന്റുകള്‍ നിശ്ചയിക്കുക. ക്രാഷ് പ്രൊട്ടക്ഷന്‍(55%), റോഡ് യാത്രികരുടെ സുരക്ഷ(20%), സുരക്ഷിത ഡ്രൈവിങ്(10%), അപകടം ഒഴിവാക്കല്‍(10%), ഇടിക്കു ശേഷമുള്ള സുരക്ഷ(5%) എന്നിങ്ങനെയാണ് ക്രാഷ് ടെസ്റ്റിലെ പോയിന്റുകള്‍ വിഭജിക്കുക.

ഭാവിയില്‍ സ്റ്റാര്‍ റേറ്റിങ് ഉറപ്പിക്കാന്‍ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍(ഇഎസ്‌സി), കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവ നിര്‍ബന്ധമായും വേണ്ടി വരും. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്(എഇബി) ഓപ്ഷണലായി തുടരും. വശങ്ങളിലേക്ക് അഭിമുഖമായി സീറ്റുകളുള്ള മോഡലുകള്‍ക്ക് റേറ്റിങിന് യോഗ്യത ഉണ്ടായിരിക്കില്ല.

70 പോയിന്റെങ്കിലും നേടുന്ന വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും 2027-29 കാലത്ത് 5 സ്റ്റാര്‍ ലഭിക്കുക. ഇത് 2029-31 ആവുമ്പോഴേക്കും 80 പോയിന്റായി ഉയര്‍ത്തും. ഓരോ വിഭാഗത്തിലും വേണ്ട കുറഞ്ഞ പോയിന്റുകളും നിശ്ചയിക്കും.

ഇടി പരീക്ഷകളും 2.0
പ്രധാനമായും അഞ്ച് ഇടി പരീക്ഷകളായിരിക്കും ഭാവിയില്‍ ഭാരത് എന്‍സിഎപി 2.0 ക്രാഷ് ടെസ്റ്റിന്റെ ഭാഗമായി നടത്തുക. മോഡലിന്റെ അടിസ്ഥാന വകഭേദത്തിലായിരിക്കും ഇടി പരീക്ഷ നടത്തുക. മുന്നിലേയും പിന്നിലേയും സുരക്ഷാ പരീക്ഷണങ്ങള്‍ വഴി യഥാര്‍ഥ സാഹചര്യങ്ങളില്‍ വാഹനത്തിന് നല്‍കാനാവുന്ന സുരക്ഷ പരിശോധിക്കപ്പെടും.

മുന്നിലെ ഒരു ഭാഗം മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ ഇടിപ്പിക്കും.
മുന്‍ ഭാഗം പൂര്‍ണമായും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ഇടിപ്പിക്കും.
മറ്റേതെങ്കിലും വാഹനമോ വസ്തുവോ വാഹനത്തിന്റെ വശങ്ങളില്‍ ഇടിച്ചാലുള്ള സുരക്ഷ പരിശോധിക്കാന്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ഇടിപ്പിക്കും.
മണിക്കൂറില്‍ 32 കിലോമീറ്റര്‍ വേഗതയില്‍ ഇടിപ്പിച്ചാണ് ഇരുമ്പ് തൂണ് പോലുള്ളവയില്‍ ഇടിച്ചാലുള്ള ആഘാതം പരീക്ഷിക്കുക.
പിന്നിലെ ഇടിയുടെ സുരക്ഷ പരിശോധിക്കാന്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ഇടിപ്പിക്കുകയും ചെയ്യും.

എന്നു വരും?
ഭാരത് എന്‍സിഎപി 2.0 ക്രാഷ് ടെസ്റ്റിന്റെ കരട് രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 20 വരെ ഇതില്‍ അഭിപ്രായം പറയാന്‍ അവസരമുണ്ട്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കഴിഞ്ഞ ശേഷം 2027 ഒക്ടോബറിലായിരിക്കും ഭാരത് എന്‍സിഎപി 2.0 നിലവില്‍ വരിക. 2027 സെപ്തംബറിലാണ് ഭാരത് എന്‍സിഎപിയുടെ കാലാവധി അവസാനിക്കുക.

ഭാരത് എന്‍സിഎപി 2.0 നിലവില്‍ വരുന്നതോടെ കൂടുതല്‍ സുരക്ഷിതമായ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പ്രതീക്ഷിക്കാം.

X
Top