
ന്യൂഡല്‍ഹി: ഉത്സവ സീസണിനോടനുബന്ധിച്ച് നിരവധി താല്‍ക്കാലിക ജോലികള്‍ സൃഷ്ടിക്കപ്പെട്ടേയ്ക്കും. ടീംലീസ് വിലയിരുത്തല്‍ പ്രകാരം ബിഎഫ്എസ്‌ഐ (ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്) മേഖല ഏകദേശം 50,000 താല്‍ക്കാലിക തൊഴിലവസരങ്ങളാണുണ്ടാക്കുക. ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പന, വ്യക്തിഗത ധനകാര്യം, റീട്ടെയില്‍ ഇന്‍ഷുറന്‍സ് എന്നിവയില്‍ ഇതിനകം കുതിച്ചുചാട്ടം ദൃശ്യമാണ്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തൊഴിലവസരങ്ങളില്‍ ഈ വര്‍ഷം 15% വര്‍ദ്ധനവ് പ്രതീക്ഷിക്കപ്പെടുന്നു. അഹമ്മദാബാദ്, പൂനെ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത തുടങ്ങിയ ടയര്‍ -1 നഗരങ്ങളില്‍ മാത്രമല്ല, കൊച്ചി, വിശാഖപട്ടണം, മധുര, ലഖ്‌നൗ, ചണ്ഡീഗഢ്, അമൃത്സര്‍, ഭോപ്പാല്‍, റായ്പൂര്‍ തുടങ്ങിയ ടയര്‍ -2, ടയര്‍ -3 നഗരങ്ങളിലും താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഡീമാന്റുണ്ട്. നേരത്തെ ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളാണ് ബിഎഫ്എസ്‌ഐ മേഖല തൊഴിലുകള്‍ കരസ്ഥമാക്കിയിരുന്നത്.
എന്നിരുന്നാലും, കഴിഞ്ഞ 2-3 വര്‍ഷമായി കൊല്‍ക്കത്ത, പൂനെ, അഹമ്മദാബാദ് തുടങ്ങിയ വിപണികളും ഓണ്‍-ദി-ഫീറ്റ്, ടെലി-ഓപ്പറേറ്റര്‍മാരുടെ റോളുകള്‍ പോലുള്ള ധാരാളം ഓപ്പണിംഗ് കണ്ടു. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ കുതിച്ചുയരുകയും പേഴ്‌സണല്‍ ഫിനാന്‍സ് ആപ്ലിക്കേഷനുകള്‍ പെരുകുകയും ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ലാന്‍ഡ്‌സ്‌കേപ്പ് അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നതോടെ അടുത്ത 5-6 മാസത്തിനുള്ളില്‍ തൊഴില്‍ വിപണി ചലനാത്മകമാകും, ടീം ലീസ് സര്‍വീസസ് വൈസ് പ്രസിഡന്റും ബിഎഫ്എസ്‌ഐ ബിസിനസ് മേധാവിയുമായ കൃഷ്‌ണേന്ദു ചാറ്റര്‍ജി പറഞ്ഞു. കഴിഞ്ഞ 2 മാസത്തിനുള്ളില്‍ മാത്രം ഏകദേശം 25,000 തൊഴിലവസരങ്ങള്‍ ടീം ലീസ് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.