
ലോകസമ്പന്നരുടെ പട്ടികയിൽ ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്കിനെ മറികടന്ന് ബെർനാർഡ് അർനോൾഡ്. ലൂയിവിറ്റൺ സ്ഥാപകനാണ് അർനോൾട്ട്. ഫോബ്സ് മാസികയുടെ കണക്കുകൾ പ്രകാരമാണ് അർനോൾട്ട് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
അർനോൾട്ടിന്റെ ആകെ സമ്പത്ത് 207.8 ബില്യൺ ഡോളറായാണ് വർധിച്ചത്. 23.6 ബില്യൺ ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ലൂയിവിറ്റന്റെ വിപണിമൂല്യം 388.8 ഡോളറായി വെള്ളിയാഴ്ച വർധിച്ചിരുന്നു. അതേസമയം, 586.14 ഡോളറാണ് ടെസ്‍ലയുടെ വിപണിമൂല്യം.
ഫോബ്സിന്റെ പട്ടിക പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 11ാം സ്ഥാനത്ത് ഉള്ളത്. 104.4 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. 75.7 ഡോളറിന്റെ ആസ്തിയോടെ ഗൗതം അദാനി 16ാംസ്ഥാനത്താണ് ഉള്ളത്.
സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ലൂയിവിറ്റന്റെ വിൽപനയിൽ 10 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ടെസ്‍ല ഓഹരികൾക്ക് വ്യാഴാഴ്ച 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ഇലോൺ മസ്കിന്റെ സമ്പത്തിനെ സ്വാധീനിച്ചത്.