
ന്യൂയോര്‍ക്ക്: ജപ്പാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. കരാര്‍ പ്രകാരം ജാപ്പനീസ് ഇറക്കുമതിയ്ക്ക് യുഎസ് 15 ശതമാനം താരിഫ് ഏര്‍പ്പെടുത്തും. തങ്ങളുടെ സഖ്യകക്ഷിയായ ജപ്പാന്‍ യുഎസില്‍ 550 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നും ട്രമ്പ് അറിയിച്ചു.
കരാര്‍ പ്രകാരം യുഎസ് വാഹനങ്ങളുടേയും കാര്‍ഷികോത്പന്നങ്ങളുടേയും കൂടുതല്‍ ഇറക്കുമതി ജപ്പാന്‍ അനുവദിച്ചേയ്ക്കും. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ പ്രസിഡന്റ് തയ്യാറായില്ല. ജപ്പാനുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ എടുത്ത പറഞ്ഞ ട്രമ്പ് ആ രാജ്യവുമായുള്ള തങ്ങളുടെ വ്യാപാരകമ്മിയ്ക്ക് കാരണം കാറുകളുടേയും കാര്‍ ഭാഗങ്ങളുടേയും ഇറക്കുമതിയാണെന്ന് ആവര്‍ത്തിച്ചു.
എന്നാല്‍ ജാപ്പനീസ് കാര്‍ ഇറക്കുമതിയ്ക്ക് 25 ശതമാനം താരിഫ് ചുമത്തുമോ എന്ന കാര്യം വ്യക്തമല്ല. ഇത് സംബന്ധിച്ച് വൈറ്റ് ഹൗസ് പിന്നീട് വ്യക്തത വരുത്തിയേക്കും. അലാസ്‌കയില്‍ നിന്ന് ദ്രവീകൃത പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതിനായി ജപ്പാനുമായി ഒരു സംയുക്ത സംരംഭത്തില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു.
വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങളുമായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഫിലിപ്പീന്‍സുമായി കരാറിലെത്തിയതായി ട്രമ്പ് അറിയിച്ചിരുന്നു. ഇത് പ്രകാരം ഫിലിപ്പീന്‍സ് ഉത്പന്നങ്ങള്‍ക്ക് യുഎസ് 19 ശതമാനം തീരുവ ഏര്‍പ്പെടുത്തി.
യുഎസ് തങ്ങളുടെ വ്യാപാര പങ്കാളികള്‍ക്ക് മേല്‍ ചുമത്തിയ കനത്ത താരിഫ് നിലവില്‍ വരുന്നത് ഓഗസ്റ്റ് 1 നാണ്. അതിന് മുന്‍പ് യുഎസുമായി വ്യാപാര ഉടമ്പടി ഒപ്പുവയ്ക്കാന്‍ അവരുമായി തിരിക്കിട്ട ചര്‍ച്ചയിലാണ് രാജ്യങ്ങള്‍.