
ന്യൂഡല്‍ഹി: എട്ട് വര്‍ഷത്തിനിടെ മുദ്ര യോജനയ്ക്ക് കീഴില്‍ 23.2 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. വായ്പ നേടിയ 40.82 കോടിയിലധികം ഗുണഭോക്താക്കളില്‍ 68 ശതമാനവും വനിത സംരഭകരാണ്. 51 ശതമാനം, സി/എസ്ടി, ഒബിസി വിഭാഗങ്ങളിലെ സംരഭകര്‍.
കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര ചെറുകിട, സൂക്ഷ്മ സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെ ഈട് രഹിത മൈക്രോ ക്രെഡിറ്റ് നല്‍കുന്ന പദ്ധതിയാണ് മുദ്രയോജന. 2015 ഏപ്രില്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുദ്ര യോജന (പിഎംഎംവൈ) ആരംഭിച്ചത്. ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍ബിഎഫ്സി), മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (എംഎഫ്ഐകള്‍), മറ്റ് സാമ്പത്തിക ഇടനിലക്കാര്‍ തുടങ്ങിയവയാണ് പദ്ധതി പ്രകാരം വായ്പ നല്‍കാന്‍ യോഗ്യതയുള്ള സ്ഥാപനങ്ങള്‍.
ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതിയാരംഭിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു. ശിശു (50,000 രൂപ വരെ), കിഷോര്‍ (50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ), തരുണ്‍ (രൂപ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 10 ലക്ഷം രൂപ വരെ ഈട് രഹിത വായ്പ നല്‍കുന്നതാണ് പദ്ധതി. വിതരണം ചെയ്ത വായ്പയുടെ 83 ശതമാനവും ശിശു വിഭാഗത്തിലാണ്.






