
കൊച്ചി: ചില ബാങ്കുകള്‍ അവരുടെ എംസിഎല്‍ആര്‍ നിരക്കുകള്‍ കുറച്ചതോടെ, ഈ നിരക്കുമായി ബന്ധിപ്പിച്ച ഫ്‌ലോട്ടിങ് പലിശ നിരക്കില്‍ ഭവന വായ്പ എടുത്തവര്‍ക്ക് ആശ്വാസമാകും. ഇവരുടെ പ്രതിമാസ തിരിച്ചടവ് കുറയാനും അല്ലെങ്കില്‍ വായ്പാ കാലാവധി കുറയാനും സാധ്യതയുണ്ട്.
ഒക്ടോബറില്‍ ചേര്‍ന്ന പണനയ സമിതി യോഗത്തില്‍ റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് 5.50% ആയി നിലനിര്‍ത്തിയതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ബറോഡ , ഇന്ത്യന്‍ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ പലിശ നിരക്കുകള്‍ കുറച്ചത്.
എന്താണ് എംസിഎല്‍ആര്‍
ഭവന വായ്പ, പേഴ്‌സണല്‍ ലോണ്‍, വാഹന വായ്പ തുടങ്ങിയവയുടെപലിശ നിരക്ക് നിശ്ചയിക്കാന്‍ ബാങ്കുകള്‍ ഉപയോഗിക്കുന്ന ഒരു അടിസ്ഥാന നിരക്കാണ് എം.സി.എല്‍.ആര്‍ ഈ നിരക്ക് കുറയ്ക്കുന്നത് വായ്പയെടുത്തവര്‍ക്ക് അവരുടെ ഇഎംഐ കുറയാനോ വായ്പാ കാലാവധി കുറയാനോ സഹായിക്കും.
ആര്‍ക്കാണ് ഇതിന്റെ പ്രയോജനം?
നിലവില്‍ എംസിഎല്‍ആറുമായി ബന്ധിപ്പിച്ച പലിശ നിരക്കില്‍ വായ്പയെടുത്തവര്‍ക്കാണ് ഈ നിരക്ക് കുറയ്ക്കുന്നതിന്റെ പ്രയോജനം ലഭിക്കുക.
പുതിയ വായ്പകള്‍ക്ക് എംസിഎല്‍ആര്‍ ബാധകമല്ല. കാരണം പുതിയ ഫ്‌ലോട്ടിങ് നിരക്കിലുള്ള വായ്പകള്‍ ഇപ്പോള്‍ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എങ്കിലും പഴയ എംസിഎല്‍ആര്‍ വായ്പകള്‍ എടുത്തവര്‍ക്ക് ഇബിഎല്‍ആറിലേക്ക് മാറാനുള്ള അവസരം ബാങ്കുകള്‍ നല്‍കാറുണ്ട്.
പലിശ കുറച്ച ബാങ്കുകള്‍
ബാങ്ക് ഓഫ് ബറോഡ
ഒക്ടോബര്‍ 12, 2025 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ബാങ്ക് എംസിഎല്‍ആര്‍ പുതുക്കി.
ഒരു മാസത്തെ എംസിഎല്‍ആര്‍ 7.95% ല്‍ നിന്ന് 7.90% ആയി കുറച്ചു.
ആറ് മാസത്തെ എംസിഎല്‍ആര്‍ 8.65% ല്‍ നിന്ന് 8.60% ആയി കുറച്ചു.
ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 8.80% ല്‍ നിന്ന് 8.75% ആയി കുറച്ചു.
ഐഡിബിഐ ബാങ്ക്
ഒക്ടോബര്‍ 12, 2025 മുതല്‍ പ്രാബല്യത്തില്‍.
ഒറ്റ രാത്രി എംസിഎല്‍ആര്‍ 8.05% ല്‍ നിന്ന് 8% ആയി കുറച്ചു.
ഒരു മാസത്തെ എംസിഎല്‍ആര്‍ 8.20% ല്‍ നിന്ന് 8.15% ആയി കുറച്ചു.
മറ്റ് പ്രധാന കാലയളവുകളിലെ നിരക്കുകളില്‍ മാറ്റമില്ല.
ഇന്ത്യന്‍ ബാങ്ക്
ഒക്ടോബര്‍ 3, 2025 മുതല്‍ പ്രാബല്യത്തില്‍.
ഒറ്റ രാത്രി എംസിഎല്‍ആര്‍ 8.05% ല്‍ നിന്ന് 7.95% ആയി കുറച്ചു.
ഒരു മാസത്തെ എംസിഎല്‍ആര്‍ 8.30% ല്‍ നിന്ന് 8.25% ആയി കുറച്ചു.
മറ്റ് കാലയളവുകളിലെ നിരക്കുകളില്‍ മാറ്റമില്ല.
കാനറ ബാങ്ക്
കാനറ ബാങ്ക് അവരുടെ വായ്പാ നിരക്കുകളില്‍ നിലവില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. അവരുടെ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 8.75% ആയി തുടരുന്നു.