
ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്റുകൾ സജീവമായതോടെ സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എടിഎം കൗണ്ടറുകളുടെ എണ്ണം കുറയ്ക്കുന്നതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞ സാമ്പത്തികവർഷം 1,150 എടിഎം കൗണ്ടറുകൾ അടച്ചുപൂട്ടി.
സ്വകാര്യബാങ്കുകൾ പൂട്ടിയത് 2,767 കൗണ്ടറുകളാണ്. അതേസമയം, ബാങ്ക് ഇതര സ്ഥാപനങ്ങൾ നടത്തുന്ന വൈറ്റ് ലേബൽ എടിഎമ്മുകളിൽ 1,614 എണ്ണത്തിന്റെ വർധനയുണ്ടായി. സ്മോൾ ഫിനാൻസ് ബാങ്കുകൾ 119 എടിഎമ്മുകൾ കൂടി തുറന്നു. വിദേശബാങ്കുകൾ 176 എടിഎം കൗണ്ടറുകൾ അടച്ചു.
ഡിജിറ്റൽ പേയ്മെന്റുകൾ കാരണം എടിഎം ആശ്രയിക്കുന്നത് കുറഞ്ഞതായി ആർബിഐ നിരീക്ഷിച്ചു. എന്നാൽ ബാങ്ക് ശാഖകളുടെ എണ്ണത്തിൽ വർധനയുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 1.64 ലക്ഷം ബാങ്ക് ശാഖകളാണുള്ളത്.
മുൻ വർഷത്തെക്കാൾ 2.8% വർധന. പൊതുമേഖലാ ബാങ്കുകളാണ് കൂടുതൽ ബ്രാഞ്ചുകൾ തുറന്നത്. തുറക്കുന്ന പുതിയ ശാഖകളിൽ 67.3 ശതമാനവും സ്വകാര്യ ബാങ്കുകളുടേതായിരുന്നത്, ഇക്കഴിഞ്ഞ സാമ്പത്തികവർഷം 51.8 ശതമാനമായി കുറഞ്ഞു.
പൊതുമേഖലാ ബാങ്കുകൾ തുറക്കുന്ന ബ്രാഞ്ചുകളിൽ മൂന്നിൽ രണ്ട് പങ്കും ഗ്രാമീണ, സെമി അർബൻ മേഖലകളിലാണ്. അടിസ്ഥാന സേവിങ്സ് അക്കൗണ്ടുകളുടെ (സീറോ ബാലൻസ്) എണ്ണം 2.6% വർധിച്ച് 72.4 കോടിയായി. വാണിജ്യ ബാങ്കുകൾ കരുത്തുറ്റ പ്രകടനം കാഴ്ചവച്ചു. മൊത്തം കിട്ടാക്കട അനുപാതം (ജിഎൻപിഎ) കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്ന നിരക്കായ 2.2 ശതമാനമായി കുറഞ്ഞു.
രാജ്യത്തെ ആകെ എടിഎമ്മുകൾ (2025 മാർച്ച് 31ലെ കണക്ക്)
∙ പൊതുമേഖലാ ബാങ്കുകൾ: 1.33 ലക്ഷം
∙ സ്വകാര്യബാങ്കുകൾ: 77,117
∙ വിദേശബാങ്കുകൾ: 993
∙ സ്മോൾ ഫിനാൻസ് ബാങ്ക്: 3,187
∙ വൈറ്റ് ലേബൽ: 36,216
∙ ആകെ: 2.51 ലക്ഷം






