
ആധുനിക അഡാസ്(അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സുരക്ഷാ ഫീച്ചറുകള്‍ പരിശോധിക്കാനായി 40 കോടി രൂപ ചിലവില്‍ പുതിയ പരീക്ഷണ സൗകര്യം പൂനെയില്‍ ഒരുക്കുമെന്ന് എആര്‍എഐ(ഓട്ടമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ).
ഇന്ത്യയിലെ റോഡുകളിലെ സവിശേഷതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രത്യേകം സംവിധാനങ്ങളാവും പൂനെയില്‍ എആര്‍എഐ ഒരുക്കുക. പ്രീമിയം വാഹനങ്ങളില്‍ നിന്നും ജനകീയ വാഹനങ്ങളിലേക്ക് അഡാസ് സുരക്ഷാ ഫീച്ചറുകള്‍ എത്തിയതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ വിപുലമായ രീതിയില്‍ അഡാസ് സുരക്ഷാ ഫീച്ചറുകള്‍ പരീക്ഷിക്കാനുള്ള കേന്ദ്രം ഒരുങ്ങുന്നത്.
അസാധാരണമാംവിധം തിരക്കേറിയ റോഡുകളും വ്യത്യസ്ത വാഹനങ്ങളുടെ നിരത്തിലെ സാന്നിധ്യവും ആവശ്യത്തിന് മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതുമെല്ലാം ചേര്‍ന്ന് ഇന്ത്യന്‍ റോഡുകളിലെ ഡ്രൈവിങ് പലപ്പോഴും ഭാഗ്യപരീക്ഷണമാക്കാറുണ്ട്.
അഡാസ് സുരക്ഷാ ഫീച്ചറുകള്‍ പോലുള്ളവയുടെ സാന്നിധ്യം വാഹനങ്ങളുടേയും യാത്രികരുടേയും സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണ്. ഇന്ത്യന്‍ റോഡുകളെ യൂറോപിലേയോ ലോകത്തെ തന്നെ മറ്റേതെങ്കിലും പ്രദേശങ്ങളിലേയോ റോഡുകളുമായി താരതമ്യപ്പെടുത്താന്‍ സാധിക്കില്ല.
ഓട്ടമാറ്റിക്ക് എമര്‍ജന്‍സി ബ്രേക്കിങ് അടക്കമുള്ള അഡാസ് ഫീച്ചറുകള്‍ രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഒരുക്കിയിട്ടുള്ളതെന്നാണ് എആര്‍എഐ അറിയിക്കുന്നത്. എന്നാല്‍ ഇത്തരം ഫീച്ചറുകള്‍ പലപ്പോഴും ഇന്ത്യന്‍ റോഡുകളില്‍ ഫലപ്രദമാവണമെന്നില്ല. ഇതോടെയാണ് ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ അഡാസ് സുരക്ഷാ ഫീച്ചറുകള്‍ ഒരുക്കുന്നതും അതിന്റെ പരീക്ഷണം നടത്തുന്നതും.
‘നിലവില്‍ അഡാസ് സുരക്ഷാ ഫീച്ചറുകള്‍ വാഹനങ്ങളുടെ വില്‍പന വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യക്കുവേണ്ട മാറ്റങ്ങളില്ലാതെ തുടര്‍ന്നാല്‍ ഭാവിയില്‍ അഡാസ് ഫീച്ചറുകള്‍ക്ക് സ്വീകാര്യത നഷ്ടമാവാനിടയുണ്ട്’ പൂനെയില്‍ നടന്ന അഡാസ് ഷോയില്‍ എആര്‍എഐ ഡയറക്ടര്‍ റെജി മത്തായി പറഞ്ഞു.
എയര്‍ബാഗുകള്‍ എല്ലാ മോഡലുകളിലേക്കും എത്തിയതു പോലെ അഡാസ് സുരക്ഷാ ഫീച്ചറുകളില്‍ പലതും എല്ലാ മോഡലുകളിലേക്കും എത്താനിടയുണ്ടെന്നും ഇന്ത്യയില്‍ പ്രതിവര്‍ഷം റോഡപകടങ്ങളില്‍ ഒന്നര ലക്ഷം പേര്‍ക്കാണ് പരിക്കേല്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ നഗരങ്ങളിലേതിന് സമാനമായ റോഡ് സാഹചര്യങ്ങള്‍ പൂനെയില്‍ നിര്‍മിക്കുന്ന അഡാസ് ടെസ്റ്റ് സിറ്റിയില്‍ ഒരുക്കും. സാധാരണ രാജ്യാന്തര അഡാസ് പരിശോധനകളില്‍ വരാത്തവയാവും ഇവിടെ ഒരുക്കുക. നാലു വരി പാതകള്‍ രണ്ടു വരിയിലേക്ക് ചുരുങ്ങുക, എസ് വളവുകള്‍, ചെരിവുകളിലുള്ള കവലകള്‍, മുന്നറിയിപ്പ് സംവിധാനമില്ലാത്ത റോഡുകള്‍ എന്നിവയെല്ലാം സുരക്ഷാ പരീക്ഷണത്തിന്റെ ഭാഗമായി ഒരുക്കും. ഓട്ടോ റിക്ഷ പോലുള്ള വാഹനങ്ങളുടെ സാന്നിധ്യവും നിരത്തുകളിലെ പരീക്ഷണത്തിനിടെയുണ്ടാവും.
‘നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വാഹനങ്ങളില്‍ അഡാസ് സുരക്ഷാ ഫീച്ചറുകളുണ്ടാവും. ഇവ എത്രത്തോളം ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനാവുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും ഇത്തരം ഫീച്ചറുകളുടെ ജനകീയത.
തല്‍സമയ വിവര കൈമാറ്റം നടത്തുന്ന വെഹിക്കിള്‍ ടു വെഹിക്കിള്‍ ആശയവിനിമയവും വൈകാതെ വാഹനങ്ങളില്‍ സജീവമാവും’ എന്നും റെജി മത്തായി പറഞ്ഞു. 2027 മുതല്‍ നിലവില്‍ വരുന്ന ഭാരത് എന്‍സിഎപി 2.0 മുതല്‍ അഡാസ് ഫീച്ചറുകള്‍ക്ക് സുരക്ഷാ റേറ്റിങിലും പ്രാധാന്യമേറും.






