
മുംബൈ: റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി (RCOM) ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നതിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും (ED) സിബിഐയെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പും (ADAG) അനുബന്ധ സ്ഥാപനങ്ങളും ഉള്‍പ്പെട്ട 1.78 ലക്ഷം കോടി രൂപയുടെ തട്ടിപ്പ് കേസിൽ അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടായ വിശദീകരിക്കാനാകാത്ത കാലതാമസത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
പ്രധാന കോടതി നിർദ്ദേശങ്ങൾ
കേസിലെ തട്ടിപ്പിന്റെ വ്യാപ്തിയും പൊതുപണത്തിന്റെ നഷ്ടവും പരിഗണിച്ച്, ഇത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കാൻ കോടതി ഇഡിക്ക് നിർദ്ദേശം നൽകി. മുതിർന്ന ഉദ്യോഗസ്ഥർ തന്നെ അന്വേഷണത്തിന് നേതൃത്വം നൽകണം.
കൂടാതെ വായ്പകൾ അനുവദിക്കുന്നതിലോ ഫണ്ട് വിട്ടുകൊടുക്കുന്നതിലോ ബാങ്ക് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഒത്തുകളിയോ ഗൂഢാലോചനയോ ഉണ്ടോ എന്ന് നിഷ്പക്ഷമായി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം, അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് വ്യവസായി അനിൽ അംബാനി ഇന്ത്യ വിട്ടുപോകാൻ സാധ്യതയുണ്ടെന്ന ആശങ്ക ഹർജിക്കാർ ഉയർത്തി. എന്നാൽ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ താൻ രാജ്യം വിടില്ലെന്ന് അനിൽ അംബാനിയുടെ അഭിഭാഷകൻ കോടതിയിൽ ഉറപ്പുനൽകി.
കേസിന്റെ പശ്ചാത്തലം
2013 നും 2017 നും ഇടയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് ആർകോമും അനുബന്ധ കമ്പനികളും 31,580 കോടി രൂപയുടെ വായ്പകൾ കൈപ്പറ്റിയിരുന്നു.
ഫോറൻസിക് ഓഡിറ്റിൽ സങ്കീർണമായ ഇടപാടുകളിലൂടെ ഫണ്ട് വകമാറ്റിയതായും ലോണുകൾ ക്രമരഹിതമായി പുതുക്കിയതായും കണ്ടെത്തി. ഈ ഓഡിറ്റ് റിപ്പോർട്ട് വന്ന് അഞ്ച് വർഷമായിട്ടും എസ്ബിഐ നടപടിയെടുത്തില്ലെന്നും, 2025 ൽ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നുമാണ് ഹർജിക്കാരുടെ ആരോപണം.
അന്വേഷണ പുരോഗതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് നാലാഴ്ചയ്ക്കകം സമർപ്പിക്കാൻ ഇഡിയോടും സിബിഐയോടും കോടതി ഉത്തരവിട്ടു. പൊതുപണം ഉൾപ്പെട്ട വലിയ കേസ് ആയതിനാല്‍ കൃത്യമായ ഇടവേളകളിൽ റിപ്പോർട്ടുകൾ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.






