
പരിചയമില്ലാത്ത സ്ഥലങ്ങളിലേക്കു പോകുമ്പോള്‍ വഴി നോക്കാനും യാത്രയ്ക്കെടുക്കുന്ന സമയം കണക്കുകൂട്ടാനും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനുമൊക്കെ നമ്മള്‍ ആശ്രയിക്കുന്ന ജിപിഎസ് ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ജിപിഎസിനെ അമിതമായി ആശ്രയിക്കുന്നവര്‍ക്കെല്ലാം ഒരിക്കലെങ്കിലും ജിപിഎസ് ചതിച്ച അനുഭവം പങ്കുവയ്ക്കാനുണ്ടാവും. ഉള്‍പ്രദേശങ്ങളില്‍ മാത്രമല്ല വന്‍ നഗരങ്ങളിലും പലപ്പോഴും ജിപിഎസും സാറ്റലൈറ്റുകളും കബളിപ്പിക്കാറുണ്ട്. അതിനൊരു പരിഹാരമായാണ് സൂപ്പര്‍ ജിപിഎസിന്റെ വരവ്. പത്ത് സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ വരെ കൃത്യമായി സ്ഥാനം നിര്‍ണയിക്കാനാവുന്ന സൂപ്പര്‍ ജിപിഎസിന്റെ മറ്റൊരു പ്രത്യേകത ഇതു പ്രവര്‍ത്തിക്കാനായി സാറ്റലൈറ്റുകളുടെ സഹായം വേണ്ടെ എന്നതാണ്.
നമ്മുടെ ഫോണിന്റെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് സമാനമായാണ് സൂപ്പര്‍ ജിപിഎസും പ്രവര്‍ത്തിക്കുക. ഫോണിന് പകരം സ്ഥാനം നിര്‍ണയിക്കാനുള്ള ഉപകരണത്തിലേക്കായിരിക്കും വിവരം കൈമാറുകയെന്നു മാത്രം. ഫൈബര്‍ ഒബ്റ്റിക് കേബിളുകളും റേഡിയോ ട്രാന്‍സ്മിറ്ററുകളും ഈ സംവിധാനത്തിന്റെ അടിസ്ഥാനമായി മാറുന്നു. ചില അധിക ഉപകരണങ്ങളുടെ സഹായത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കിനെ അതീവ കൃത്യതയുള്ള ജിപിഎസിന് പകരം വയ്ക്കാവുന്ന സംവിധാനമാക്കി മാറ്റാനാകുമെന്ന് ഞങ്ങള്‍ കണ്ടെത്തിയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ നെതര്‍ലൻഡ്സിലെ വ്രയ് യൂനിവേഴ്‌സിറ്റെയ്റ്റിലെ ഗവേഷകര്‍ പറയുന്നു.
ആറ് റേഡിയോ ട്രാന്‍സ്മിറ്ററുകളുടെ സഹായത്തോടെ 7,104 ചതുരശ്രയടി പ്രദേശത്തെ തങ്ങളുടെ നിരീക്ഷണത്തിന് കീഴിലാക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. റേഡിയോ സിഗ്നലുകള്‍ വിക്ഷേപിക്കുന്ന സമയവും തിരിച്ചെത്തുന്ന സമയവും കണക്കുകൂട്ടിയാണ് വസ്തുക്കളുടെ അകലം നിര്‍ണയിക്കുന്നത്. ട്രാന്‍സ്മിറ്ററുകള്‍ റിസീവറുകള്‍ ഡേറ്റാ സെന്റുകള്‍ എന്നിവക്കൊപ്പം വളരെ കൃത്യമായ സമയം കാണിക്കുന്ന അറ്റോമിക് ക്ലോക്കും ഈ സംവിധാനത്തിലെ പ്രധാന ഘടകമാണ്. ഇതിന്റെ കൂടി സഹായത്തിലാണ് വസ്തുക്കളുടെ കിറുകൃത്യമായ സ്ഥാനം നിര്‍ണയിക്കാന്‍ സാധിക്കുന്നത്. ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ അതിവേഗത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
നിലവിലുള്ള ജിപിഎസ് സംവിധാനത്തിന്റെ പ്രധാന കുറവുകളിലൊന്ന് വന്‍ നഗരങ്ങളിലെ കൃത്യതകുറവാണ്. വലിയ കെട്ടിടങ്ങളില്‍ തട്ടി റേഡിയോ സിഗ്നലുകള്‍ പ്രതിഫലിക്കുന്നതോടെ സംഭവിക്കുന്ന ആശയക്കുഴപ്പമാണ് പലപ്പോഴും ജിപിഎസുകളുടെ കൃത്യതയെ ബാധിക്കുന്നത്. ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങളേയും ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കാറുണ്ട്. അതിനുള്ള പരിഹാരം കൂടിയാണ് സൂപ്പര്‍ ജിപിഎസിന്റെ വരവ്. പഠനത്തിന്റെ പൂര്‍ണരൂപം നേച്ചുര്‍ മാഗസിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.






