
മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ ആമസോണും ഫ്‌ലിപ്കാര്‍ട്ടും 2025 ലെ ഉത്സവ സീസണിന്റെ ആദ്യ ആഴ്ചയില്‍ 60,700 കോടി രൂപയുടെ വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനവാണ് ഇത്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം, ഡാറ്റ ഇന്റലിജന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സും വന്‍ കിഴിവുകളും ഡീലുകളും വാഗ്ദാനം ചെയ്യുന്നു. വാര്‍ഷിക പ്രമോഷണല്‍ ഇവന്റുകളാണ് ഇവ.സ്മാര്‍ട്ട്ഫോണുകള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഇനങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളില്‍ ശക്തമായ താല്‍പ്പര്യം കാണിച്ച ജനറേഷന്‍ ഇസഡ് യുവതയാണ് ഉപഭോക്താക്കളില്‍ ഏറെയും.
ഇന്ത്യയുടെ ഡിജിറ്റല്‍ റീട്ടെയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യആഴ്ച വില്‍പ്പനയാണിതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 2025 ലെ മൊത്തം ഉത്സവ സീസണിലെ വില്‍പ്പന 1.2 ലക്ഷം കോടി രൂപ കവിഞ്ഞേക്കും.2024 ലെ ഉത്സവ സീസണ്‍ മൊത്തം വില്‍പ്പന ഒരു ലക്ഷം കോടി രൂപയോടടുത്തായിരുന്നു, 2023 ല്‍ 81,000 കോടി രൂപ.
ജിഎസ്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണ ഫലമായുണ്ടായ നികുതി ഇളവ് വില്‍പ്പന വര്‍ധിക്കാന്‍ കാരണമായി. ഇതോടെ ഉത്പന്നങ്ങള്‍ താങ്ങാകുന്നതും ഉത്സവകാല പ്രമോഷനെ സഹായിക്കുന്നതുമായി.
സീസണിലെ മൊത്തം വില്‍പ്പനയുടെ പകുതിയിലധികവും ആദ്യ ആഴ്ചയില്‍ തന്നെ കൈവരിച്ചതായി ഡാറ്റ ഇന്റലിജന്‍സില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു. ഇത് ശക്തമായ ഉപഭോക്തൃ ഡിമാന്‍ഡിനെയും ഉത്സവ ഷോപ്പിംഗ് സൈക്കിളിന്റെ വിജയകരമായ തുടക്കത്തെയും സൂചിപ്പിക്കുന്നു.