ലിഥിയം തേടി 4 പ്രമുഖ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇന്ത്യരാജ്യത്തെ ടെലികോം നിരക്കുകൾ 15 ശതമാനം വരെ ഉയരുമെന്ന് റിപ്പോർട്ട്വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുമായി കേരളംഅമേരിക്കന്‍ തീരുവയിലെ ചാഞ്ചാട്ടത്തിൽ വലഞ്ഞ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍സ്വർണവില: നിലവിലെ സാഹചര്യം ആശങ്കാജനകമല്ലെന്ന് ധനമന്ത്രി

ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഉദ്ഘാടനം നാളെ

തിരുവനന്തപുരം: 280 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യ ഘട്ടം നാളെ വര്‍ക്കലയിലെ ചിലക്കൂര്‍ ബീച്ച് പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മള്‍ട്ടി-മോഡല്‍ ലോജിസ്റ്റിക് ഹബ്ബ്, രാജ്യത്തെ മുന്‍നിര ജലാധിഷ്ഠിത ടൂറിസം കേന്ദ്രം എന്നീ നിലകളിലുള്ള കേരളത്തിന്‍റെ വളര്‍ച്ചയെ ഇത് വേഗത്തിലാക്കും.

ചിലക്കൂര്‍ ടൂറിസം പദ്ധതിയും പശ്ചിമതീര കനാല്‍ (വെസ്റ്റ് കോസ്റ്റ് കനാല്‍) നവീകരണ പദ്ധതിയുടെ ഭാഗമായി ഉള്‍നാടന്‍ ജലഗാതഗത വകുപ്പ് പൂര്‍ത്തിയാക്കിയ മറ്റ് വികസന സംരംഭങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങില്‍ വി.ജോയ് എംഎല്‍എ അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായിരിക്കും. അടൂര്‍ പ്രകാശ് എം പി, വി. ശശി എംഎല്‍എ, വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഗീത ഹേമചന്ദ്രന്‍, വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജി എസ്, കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്‍റണി, ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ ആശംസാപ്രസംഗം നടത്തും.

സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) ചേര്‍ന്ന് 2018 ല്‍ രൂപീകരിച്ച സംയുക്ത സംരംഭമായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഡബ്ല്യുഐഎല്‍) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നദികള്‍, കായലുകള്‍, കനാലുകള്‍ എന്നിവയെ ബന്ധിപ്പിച്ച് യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനുമായി വിവിധ ജില്ലകളെ യോജിപ്പിച്ച് ഉള്‍നാടന്‍ ജലഗതാഗത സംവിധാനമുണ്ടാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

തെക്കന്‍ കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗത്തിന്‍റെ സുപ്രധാന കണ്ണിയായ ചിലക്കൂര്‍ തുരങ്കത്തിന്‍റെ നവീകരണവും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സിയാല്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിലൂടെ പ്രകൃതിസൗന്ദര്യം നിറഞ്ഞ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നു.

ചടങ്ങില്‍ ചിലക്കൂര്‍ ടൂറിസം പദ്ധതി, സോളാര്‍ ബോട്ട് എന്നിവയുടെ നടത്തിപ്പ് ചുമതല സംബന്ധിച്ച ധാരണാപത്രം ക്വില്‍ ഡയറക്ടര്‍ എസ്. സുഹാസും കേരള ഹൈഡല്‍ ടൂറിസം സെന്‍റര്‍ ഡയറക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണയും തമ്മില്‍ കൈമാറും.

ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദൃശ്യ-ശ്രവ്യ പ്രദര്‍ശനം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഇലക്ട്രിക് ബോട്ട് സിയാല്‍ പുറത്തിറക്കും. കേരള ചരിത്രത്തിന്‍റെ ത്രിഡി വീഡിയോയും ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ലൈറ്റ്-ആന്‍ഡ്-സൗണ്ട് ഷോയും ചിലക്കൂര്‍ തുരങ്കത്തില്‍ വച്ച് ആസ്വദിക്കാനാകും.

വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 280 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാത സംസ്ഥാന സര്‍ക്കാരിന്‍റെ വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതിയുടെ പ്രധാന ഭാഗമാണ്. കനാലിലെ ഗതാഗതം സജീവമാകുന്നതോടെ സംസ്ഥാനത്തിന്‍റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തെ ത്വരിതപ്പെടുത്താന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top