
ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾ വർഷങ്ങളായി കാത്തിരുന്ന സുപ്രധാന മാറ്റത്തിന് തുടക്കമിട്ട് ഗൂഗിൾ. ഗൂഗിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ പിക്സൽ 10ൽ ആപ്പിൾ ഉപകരണങ്ങളുമായി ഫയലുകൾ കൈമാറാനുള്ള സൗകര്യം അവതരിപ്പിച്ചു. ആപ്പിളിന്റെ എയർഡ്രോപ് (AirDrop) സംവിധാനവുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള അതിർവരമ്പുകൾ കുറയ്ക്കുന്ന സുപ്രധാന നീക്കമാണിത്.
പ്രവർത്തനം എങ്ങനെ?
ആൻഡ്രോയിഡിലെ നിലവിലുള്ള ‘ക്വിക്ക് ഷെയർ’ (Quick Share) സംവിധാനത്തിലാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഐഫോൺ, ഐപാഡ്, മാക് കംപ്യൂട്ടറുകൾ എന്നിവയിലേക്ക് ഇനി പിക്സൽ 10 ഫോണുകളിൽ നിന്ന് നേരിട്ട് ഫയലുകൾ അയക്കാനും സ്വീകരിക്കാനും സാധിക്കും. നിലവിൽ ഗൂഗിളിന്റെ പിക്സൽ 10 ഫോണുകളിൽ മാത്രമാണ് ഈ സേവനം ലഭ്യമാവുക.
ഇന്റർനെറ്റ് സെർവറുകളുടെ സഹായമില്ലാതെ, ഉപകരണങ്ങൾ തമ്മിൽ നേരിട്ടുള്ള (Peer-to-peer) കണക്ഷൻ വഴിയാണ് ഫയൽ കൈമാറ്റം നടക്കുന്നത്. അതിനാൽ തന്നെ കൈമാറുന്ന വിവരങ്ങൾ എവിടെയും ലോഗ് ചെയ്യപ്പെടുന്നില്ലെന്നും ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും സുരക്ഷിതമാണെന്നും ഗൂഗിൾ വ്യക്തമാക്കുന്നു.
ഗൂഗിളിന്റെ ഒറ്റയാൾ പോരാട്ടം
ശ്രദ്ധേയമായ കാര്യം, ആപ്പിളിന്റെ നേരിട്ടുള്ള സഹകരണമില്ലാതെയാണ് ഗൂഗിൾ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത് എന്നതാണ്. മെമ്മറി-സേഫ് റസ്റ്റ് (Rust) പ്രോഗ്രാമിങ് ഭാഷയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാനായി നെറ്റ്‌എസ്‌പിഐ (NetSPI) എന്ന തേർഡ് പാർട്ടി സുരക്ഷാ ഏജൻസിയെ ഗൂഗിൾ നിയോഗിച്ചിരുന്നു. നിലവിലുള്ള മറ്റ് സംവിധാനങ്ങളേക്കാൾ ശക്തമായ സുരക്ഷ ഇതിനുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ.
യൂറോപ്യൻ യൂണിയന്റെ ഇടപെടൽ
സാങ്കേതികമായി ഗൂഗിളിന്റെ നേട്ടമാണെങ്കിലും, ഇതിന് വഴിയൊരുക്കിയത് യൂറോപ്യൻ യൂണിയന്റെ കർശനമായ നിയമങ്ങളാണ്. ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് (DMA) പ്രകാരം വിവിധ പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള പരസ്പര സഹകരണം (Interoperability) ഉറപ്പാക്കാൻ ടെക് കമ്പനികൾക്ക് ബാധ്യതയുണ്ട്.
ഇതനുസരിച്ച്, ഐഒഎസ് 26 മുതൽ ആപ്പിളിന് തങ്ങളുടെ സ്വന്തം ‘ആപ്പിൾ വയർലെസ് ഡയറക്ട് ലിങ്ക്’ എന്നതിന് പകരം പൊതുവായ ‘വൈഫൈ അവെയർ’ (Wi-Fi Aware) സ്റ്റാൻഡേർഡ് ഉപയോഗിക്കേണ്ടി വന്നു. ഈ പഴുതാണ് ആൻഡ്രോയിഡ് ഫോണുകൾക്ക് എയർഡ്രോപ്പുമായി സംവദിക്കാൻ അവസരമൊരുക്കിയത്.






